പാർട്ടി സുരേഷ് ഗോപിയെ മാതൃകയാക്കണം; ഇനി പ്രവർത്തനം ആലപ്പുഴയിലെന്ന് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: തൃശൂരിലൂടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നതിൽ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ച് ശോഭാ സുരേന്ദ്രൻ. രണ്ടുവട്ടം തോറ്റിട്ടും തൃശൂർ കേന്ദ്രീകരിച്ചുപ്രവർത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ പറഞ്ഞു.
ഇനി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ആറ്റിങ്ങലിൽതന്നെ നിന്നിരുന്നുവെങ്കിൽ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. പാർട്ടി സംവിധാനത്തിലൂടെ മാത്രമേ മൂന്നോട്ട് പോകാനാവൂ. ബിജെപിയെ ബദലായി സിപിഎം പ്രവർത്തകർ കാണുന്നു എന്നതിന് തെളിവാണ് ആലപ്പുഴയിലെ ചെങ്കോട്ടകളിൽ തനിക്ക് ലഭിച്ച വോട്ടുകളെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ആലപ്പുഴയിൽ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രൻ കാഴ്‌ചവച്ചത്. 2,99,648 വോട്ടുകൾ ശോഭ നേടി. കോൺഗ്രസിന്റെ കെ സി വേണുഗോപാൽ 4,04,560 വോട്ടുകൾ നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന്റെ എ എം ആരിഫ് 3,41,047 വോട്ടും നേടി. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് നില ഉയർത്തുന്ന പതിവ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലും ആവർത്തിക്കുകയായിരുന്നു. അമ്പതിനായിരത്തിൽ താഴെ മാത്രം വോട്ടുകൾ നേടിയിരുന്ന പതിവിൽ നിന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ബിജെപി വോട്ടുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലേക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർത്തിയത്. അതിലും വലിയ മുന്നേറ്റമാണ് ശോഭ നേടിയത്. എസ്‌എൻഡിപി വോട്ടുകളും, സ്ത്രീ വോട്ടുകളും സ്ഥാനാർത്ഥിയെ പിന്തുണച്ചതായാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിന്റെ വിജയത്തോളം തന്നെ അഭിമാനകരമാണ് എൻഡിഎയ്ക്ക് ആലപ്പുഴ മണ്ഡലത്തിലുണ്ടായ മുന്നേറ്റവും.
Source link