മോദിയുടെ ഗ്യാരന്റിയും ഏറ്റില്ല; തോറ്റതോടെ ഒന്നും മിണ്ടാതെ ഡൽഹിയിലേക്ക് പറന്ന് അനിൽ ആന്റണി
പത്തനംതിട്ട: തൃശൂരിലെ പോലെ തന്നെ ബിജെപി കേന്ദ്രനേതൃത്വം നേരിട്ട് സ്ഥാനാർത്ഥിയെ നിശ്ചയിച്ച ലോക്‌സഭാ മണ്ഡലമായിരുന്നു പത്തനംതിട്ട. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെയാണ് പത്തനംതിട്ടയിൽ മത്സരിക്കാൻ കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്ത്. എന്നാൽ വിചാരിച്ചപോലെ വോട്ട് നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല.
കോൺഗ്രസ് സിറ്റിംഗ് എം പിയായ ആന്റോ ആന്റണിയെ മണ്ഡലത്തിൽ മത്സരിപ്പിച്ചപ്പോൾ എൽ ഡി എഫ് മുൻ മന്ത്രി തോമസ് ഐസകിനെ നിറുത്തിയത് ബിജെപിക്ക് മറ്റൊരു പ്രഹരമായി. പിന്നാലെ അനിൽ ആന്റണിയുടെ പരാജയം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ ഘടകമാണ് തോൽവിക്ക് പിന്നിലെന്നാണ് അനിൽ പറയുന്നത്. കോൺഗ്രസ് വോട്ടുകളിൽ അടക്കം വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അനിൽ ആന്റണിയെ ബിജെപി നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്.
എന്നാൽ ജനങ്ങൾക്കിടയിൽ വലിയ ചലനം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പോലെ വൻ മുന്നേറ്റമാണ് പത്തനംതിട്ട അനിൽ പ്രതീക്ഷിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്റെ തലേന്ന് വരെ 30,000 മുതൽ 50,000 വോട്ടുകളുടെ വരെ ഭൂരിപക്ഷത്തിൽ താന വിജയിക്കുമെന്നായിരുന്നു അനിൽ പറഞ്ഞിരുന്നത്.
2019ൽ കെ സുരേന്ദ്രൻ ഈ മണ്ഡലത്തിൽ പിടിച്ച വോട്ടുകൾ മറികടക്കാൻ പോലും അനിൽ ആന്റണിക്ക് കഴിഞ്ഞില്ല. കെ സുരേന്ദ്രൻ 2,97,396 വോട്ട് നേടിയെങ്കിൽ അനിൽ ആന്റണി ഇത്തവണ 2,34,406 വോട്ടുകൾ മാത്രമാണ് നേടിയത്. പരാജയത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് പോലും പ്രതികരിക്കാതെ അനിൽ ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു.
ബിജെപി ജില്ലാ നേതൃത്വത്തിന്റെ സഹകരണം പ്രതികൂലമായെന്ന് അനിലിനോട് അടുത്ത വൃത്തങ്ങൾ സമ്മതിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം എത്തി അനിൽ ആന്റണിക്കായി പ്രചാരണം കൊഴുപ്പിച്ചെങ്കിലും വിജയിക്കാനോ വോട്ടുകൾ കൂടുതൽ നേടാനോ കഴിഞ്ഞില്ല. മോദി പ്രചാരണത്തിനെത്തിയതിന് പിന്നാലെ വിജയം ഉറപ്പിച്ച നിലയിലുള്ള അനിൽ ആന്റണിയുടെ പ്രതികരണങ്ങളും തിരിച്ചടിയായി.
Source link