തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്‌മജ വേണുഗോപാൽ രംഗത്ത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘തൃശൂരിലെ വീട്ടിൽ നിന്ന് പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്. ഞാൻ കെ മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപിയെ പറ്റി കേട്ടതല്ല അതിനുള്ളിൽ പ്രവർത്തിക്കാൻ വന്നപ്പോൾ ഞാൻ അനുഭവിച്ചത്. കോൺഗ്രസ് ആണ് ഇപ്പോൾ വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നത്. ബിജെപി ജാതിയും മതവും പറയുന്നില്ല. ഇപ്പോൾ ജാതി കളിക്കുന്നത് കോൺഗ്രസ് ആണ്. കോൺഗ്രസ് ആളുകളെ പറഞ്ഞ് പേടിപ്പിച്ചിരിക്കുകയാണ്.
ബിജെപി അധികാരത്തിൽ വന്നാൽ ഇവിടെ നിന്ന് പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്നാണ് കോൺഗ്രസ് പറയുന്നത്. തൃശൂരിലെ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. തൃശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല. തൃശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല. എന്നാൽ നല്ല ആളുകളുടെ കെെയിൽ അധികാരം ഇല്ല.
നല്ല ബുദ്ധിയും വിവരവുമുള്ള ആളാണ് കെ മുരളീധരൻ. രാഷ്ട്രീയമായി രണ്ട് ചേരികളാണെങ്കിലും സ്നേഹത്തിന് കുറവില്ല. മാന്യമായ തോൽവിയല്ല അദ്ദേഹത്തിന്റെത്. അതിൽ വേദനയുണ്ട്. തൃശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചതെന്ന് പറയണം. അത് ആരാണെന്ന് ഡിസിസി ഓഫീസിന്റെ മതിലിൽ എഴുതി വച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്തിയവർ തന്നെയാണ് സഹോദരനായ മുരളീധരനെയും തോൽപിച്ചത്’, പദ്‌മജ വേണുഗോപാൽ പറഞ്ഞു.
Source link