സെറ്റൊന്നടങ്കം നടുങ്ങി; മമ്മൂട്ടിയുടെ അപകട സീൻ; വിഡിയോ പുറത്ത്

‘ടർബോ’ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്കുണ്ടായ അപകടത്തിന്റെ വിഡിയോ പുറത്ത്. മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ ഫൈറ്റ് രംഗങ്ങളുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തത്. ഈ സീൻ ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് അപകടം സംഭവിക്കുന്നത്. 

മമ്മൂട്ടി ഇടിക്കുമ്പോൾ, അതിന്റെ ആഘാതത്തിൽ ഒരാൾ ദൂരേക്കു തെറിച്ചു വീഴുന്ന ഒരു രംഗമാണ് ചിത്രീകരിക്കുന്നത്. സ്റ്റണ്ട് ഡയറക്‌ടർ ഫീനിക്‌സ് പ്രഭു ആക്‌ഷൻ വിളിച്ചതും മമ്മൂട്ടിയുടെ വശത്ത് നിൽക്കുന്ന സ്റ്റണ്ട്മാന്റ് ഹൂക്ക് സ്റ്റൻഡ് ഡയറക്‌ടറുടെ സഹായികളിൽ ഒരാൾ വലിക്കുന്നു.

വലിയുടെ ടൈമിങ് തെറ്റി സ്റ്റണ്ട് മാൻ എതിർദശയിലേക്ക് തെറിച്ചു പോകേണ്ടതിനു പകരം മമ്മൂട്ടിയുടെ നേരെയാണ് ചെന്നത്. ഇടിച്ചു വന്ന ആഘാതത്തിൽ തെറിച്ചു പോയ മമ്മൂട്ടി കറങ്ങി ചെന്നു വീഴുന്നത് സമീപത്തുള്ള ഒരു മേശയുടെ അടുത്താണ്. മേശയിൽ അദ്ദേഹത്തിന്റെ തല ഇടിക്കുകയും ചെയ്‌തു.
മമ്മൂട്ടി താഴെ വീണതും തൊട്ടടുത്തുനിന്ന് നടൻ കബീർ ദുഹാൻ സിങ് ഓടിയെത്തി മമ്മൂട്ടിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. അക്ഷരാർഥത്തിൽ ലൊക്കേഷൻ ആകെ സ്‌തംഭിച്ചു പോവുകയായിരുന്നു. ആക്‌ഷൻ ഡയറക്‌ടർ ഈ കാഴ്‌ച കണ്ടതും എന്തുചെയ്യണമെന്നറിയാതെ പൊട്ടിക്കരയുകയായിരുന്നു എന്നാണ് വൈശാഖ് ഒരഭിമുഖത്തിൽ പ്രതികരിച്ചത്.

‘‘ഞങ്ങൾ ക്ലൈമാക്സിലെ ഒരു ഷോട്ട് എടുക്കുകയാണ്. ഒരാളെ മമ്മൂക്ക കാലിൽ പിടിച്ച് വലിക്കണം. അയാൾ ഇങ്ങനെ ക്രോസ് ചെയ്ത് പോകും. ആ വേളയിൽ മമ്മൂക്ക മറ്റൊരാളെ കിക്ക് ചെയ്യാൻ പോകണം. ബാക്ക് ഷോട്ടാണ്. ഷോട്ടിനിടെ റോപ്പ് വലിക്കുന്നവരുടെ ഡയറക്‌ഷൻ മാറിപ്പോയി. സൈഡിലൂടെ പോകേണ്ട ആൾ മമ്മൂക്കയുടെ നേരെ വന്നു. മമ്മൂക്കയെ ഒരറ്റ ഇടി ഇടിച്ചു. ഒരു സീൻ കഴിഞ്ഞ് എഴുന്നേറ്റ് തുടങ്ങിയ മമ്മൂക്കയാണ്. പുള്ളിയിങ്ങനെ കറങ്ങിപ്പോയി ടേബിളിൽ തലയിടിച്ച് നേരെ അതിനടിയിലേക്ക് പോയി. ഒരു സെക്കൻഡ് എല്ലാവരും ഷോക്കായി പോയി. 
ഓടിപ്പോയി മമ്മൂക്കയെ എഴുന്നേൽപ്പിച്ച് കസേരയിൽ കൊണ്ടുപോയി. ഞാൻ കയ്യിൽ ഇറുക്കി പിടിച്ചിരിക്കയാണ്. പേടിച്ചിട്ട് എന്റെ കയ്യും വിറയ്ക്കുകയാണ്. സിനിമയിൽ ആക്‌ഷൻ സ്വീക്വൻസുകൾ ചെയ്യുന്ന സമയത്ത് അങ്ങനെയൊക്കെ വരാം. ഫൈറ്റ് മാസ്റ്റർ കൊച്ചുപിള്ളേര് കരയുമ്പോലെ  വൻ കരച്ചിൽ ആയിരുന്നു. റോപ്പ് വലിക്കുന്ന ആളുടെ ടൈമിങ് മാറിപ്പോയതാണ്. കുറച്ച് കഴിഞ്ഞ് മമ്മൂക്ക എഴുന്നേറ്റ് അവരോട് പോയി, ‘‘കുഴപ്പമില്ലെടാ മോനെ അതൊക്കെ സംഭവിക്കുന്നതല്ലേ, പ്രശ്നമുള്ള കാര്യമല്ല’’ എന്ന് പറഞ്ഞു. ഒരുപാട് ഷോട്ടുകളിൽ ബുദ്ധിമുട്ടുകളെ അതിജീവിച്ചിട്ടാണ് മമ്മൂക്ക ടർബോ ചെയ്തത്. ഈ സംഭവത്തിന് ശേഷം പത്തോ പതിനഞ്ച് മിനിറ്റോ റെസ്റ്റ് എടുത്തിട്ടുണ്ടാകും. അതുകഴിഞ്ഞ് വീണ്ടും അടുത്ത സീനിലേക്ക് പോയി.’’ വൈശാഖിന്റെ വാക്കുകൾ.

English Summary:
Shocking Behind-the-Scenes: Watch Mammootty’s Hair-Raising Accident During ‘Turbo’ Shoot


Source link
Exit mobile version