മമ്മൂട്ടി കമ്പനി ചിത്രത്തിൽ സുരേഷ് ഗോപി; കോരിത്തരിപ്പിക്കുന്ന സിനിമയെന്ന് താരം

മമ്മൂട്ടി കമ്പനി ചിത്രത്തിൽ സുരേഷ് ഗോപി; കോരിത്തരിപ്പിക്കുന്ന സിനിമയെന്ന് താരം | Suresh Gopi Mammootty
മമ്മൂട്ടി കമ്പനി ചിത്രത്തിൽ സുരേഷ് ഗോപി; കോരിത്തരിപ്പിക്കുന്ന സിനിമയെന്ന് താരം
മനോരമ ലേഖകൻ
Published: June 05 , 2024 12:42 PM IST
1 minute Read
മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി (ചിത്രത്തിനു കടപ്പാട്: റെഡ് ഫ്രെയിംസ്)
തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പുതിയ സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് സുരേഷ് ഗോപി. പുതിയ പ്രോജക്ടുകളിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ് തനിക്കേറ്റവും പ്രതീക്ഷ നൽകുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. സിനിമകൾ തീർച്ചയായും ചെയ്യുമെന്നും അതിൽ നിന്നുണ്ടാക്കുന്ന പൈസയിൽ നിന്നും കുറച്ച് പാവങ്ങൾക്കും കൊടുക്കുമെന്നും അദ്ദേഹം പറയുന്നു.
‘‘സിനിമകൾ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പൻ ചെയ്യണം. സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. അതിൽ നിന്നും കുറച്ച് കാശ് പാവങ്ങൾക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും.’’ സുരേഷ് ഗോപി പറയുന്നു.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നിർമിക്കുന്ന സിനിമയിലാണ് പ്രധാനവേഷത്തിൽ സുരേഷ് ഗോപി എത്തുക. മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ ഒന്നിച്ചെത്തിയേക്കും. മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിർമാണക്കമ്പനിയും ഈ സിനിമയിലുണ്ടാകും.
മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയുടെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് ഈ പ്രോജക്ട്. കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, ടര്‍ബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മറ്റ് സിനിമകൾ.
വരാഹം, ജെഎസ്കെ, എസ്ജി251 എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ടുകൾ. അരുൺ വർമ സംവിധാനം ചെയ്ത ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
English Summary:
Exclusive: Suresh Gopi Talks New Film Ventures
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 74101f21ri5mvkf69av9kn2oig mo-entertainment-movie-sureshgopi
Source link