ആ യുവനടി ഞാനല്ല, ഒമറിക്ക നല്ല മനുഷ്യൻ: ഏയ്ഞ്ചലിൻ മരിയ പറയുന്നു

ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് വെളിപ്പെടുത്തി നടി ഏയ്ഞ്ചലിൻ മരിയ. സിനിമാ രംഗത്തുനിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ദയവ് ചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യരുതെന്നും നടി സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. സംവിധായകന്‍ ഒമർ ലുലുവിനെതിരായ ഈ കേസ് കള്ളക്കേസ് ആണെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ഏയ്ഞ്ചലിൻ പറയുന്നു.
‘‘എല്ലാവർക്കും നമസ്കാരം, ഞാൻ ഈ വിഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള ഒരു വിഷയം സംസാരിക്കാനാണ്. ഒമർ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണും എന്നു വിശ്വസിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഇക്കാര്യത്തെക്കുറിച്ച് ഒരു സ്റ്റോറി ഇട്ടിരുന്നു. ഈ വിഷയത്തെപ്പറ്റി കുറച്ചധികം സംസാരിക്കാനുണ്ട്. ഇപ്പോഴത്തെ സീസൺ മഴയും ഇടിവെട്ടും ഒക്കെ ഉള്ളതായതിനാൽ വീട്ടിലെ കറണ്ട് പോകുകയും ഫോണിൽ ചാർജ് ഇല്ലാതെ വരുന്ന അവസ്ഥയുമൊക്കെ ഉണ്ടാകാറുണ്ട്.
ഇത്തരമൊരു ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോൾ സമാധാനപരമായ സാഹചര്യം ആവശ്യമാണ്. അതുകൊണ്ടാണ് വിഡിയോ ചെയ്യുന്നത് നീണ്ടുപോയത്. അതിന് ഞാൻ ആദ്യം ക്ഷമ ചോദിക്കുന്നു. ഇനി കാര്യത്തിലേക്കു കടക്കാം. ഒരഞ്ചാറു ദിവസമായി എനിക്ക് നിരന്തരം ഫോൺ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. അതല്ലാതെ ഇൻസ്റ്റഗ്രാമിലും വാട്ട്സാപ്പിലും കുറേ മെസേജസും വരുന്നുണ്ട്. കൂടാതെ സിനിമയിലുള്ള പല നിർമാതാക്കൾ, സംവിധായകർ, പ്രൊഡക്‌ഷൻ കണ്‍ട്രോളന്മാർ, തിരക്കഥാകൃത്തുക്കൾ ഇവരൊക്കെ എന്നെ വിളിച്ച് ചോദിക്കുന്ന ചോദ്യമിതാണ്.
‘‘ഒമറിക്കയ്ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനാണോ?’’ എന്ന്. ഞാൻ തിരിച്ചു ചോദിക്കുന്ന ചോദ്യമിതാണ്, എന്തുകൊണ്ടാണ് എന്നെ പറയാൻ കാരണം. ആ കേസ് കൊടുത്ത യുവനടി ‘നല്ല സമയം’ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർ എന്നോട് ഇക്കാര്യം വിളിച്ചു ചോദിക്കുന്നതെന്ന്. മാത്രമല്ല ഒമറിക്കയ്ക്ക് ആ നടിയുമായി നല്ല അടുപ്പവമുണ്ടെന്നാണ് സംസാരം. ഇതൊക്കെ കൂടി കേൾക്കുമ്പോൾ എന്നെയാണ് എല്ലാവര്‍ക്കും ഓർമ വരികയെന്നാണ് പറയുന്നത്.
സത്യത്തിൽ ഒമറിക്കയ്ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. ഒരു നല്ല സിനിമാ സംവിധായകൻ എന്നതിലുപരി, നല്ലൊരു സുഹൃത്ത് കൂടിയാണ് എനിക്ക് ഒമറിക്ക. ഈ ഒരു ചോദ്യം ചോദിച്ച് ഇനി ആരും എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി അതെന്നെ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
കേസിന്റെ പല സത്യാവസ്ഥകൾ അതിനു പിന്നിലുണ്ട്. ഞാനും ഒമറിക്കയും തമ്മിലുള്ള ബന്ധം അങ്ങനല്ല. അദ്ദേഹവുമായി നാല് വർഷത്തെ പരിചയം എനിക്കുണ്ട്. ധമാക്ക സിനിമയുടെ സമയത്താണ് ഇക്കയെ പരിചയപ്പെടുന്നത്. എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ നന്നായി അറിയാം. എന്റെ കാഴ്ചപ്പാടിൽ ഒമർ ഇക്ക അങ്ങനൊരു വ്യക്തിയല്ല. ഈ കേസ് വന്നതിനു ശേഷം അദ്ദേഹത്തിനെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. വളരെ മോശപ്പെട്ട രീതിയിലാണ് അദ്ദേഹത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത്.
ഒമർ ഇക്ക അങ്ങനൊരാളല്ല. ഒരു നല്ല മനുഷ്യനാണ്. ആളുകൾ പലതും തെറ്റിദ്ധരിച്ചിരിക്കുന്നതാണ്. ഒരു വല്യേട്ടൻ കുഞ്ഞനുജത്തി ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. പുള്ളിക്കെതിരെ വന്നിരിക്കുന്ന ഈ കേസ് കള്ളക്കേസ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു പല കാരണങ്ങളുണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ പറ്റില്ല. സത്യം എന്നതു പുറത്തുവരും.’’–ഏയ്ഞ്ചലിന്റെ വാക്കുകൾ.
തൃശൂർ സ്വദേശിനിയായ ഏയ്ഞ്ചലിൻ, ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥ കൂടിയായിരുന്നു ഏയ്ഞ്ചലിൻ മരിയ.
English Summary:
Angeline Mariya Clarifies: I Am NOT the Actress Behind Omar Lulu Harassment Complaint”
Source link