KERALAMLATEST NEWS

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ബി.ആർ.പി. ഭാസ്‌കർ അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിനൊപ്പം നടന്ന മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ബാബുരാജേന്ദ്ര പ്രസാദ് ഭാസ്‌‌കർ എന്ന ബി.ആർ.പി.ഭാസ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച മുതൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2017 മുതൽ ചെന്നൈയിൽ താമസിക്കുകയായിരുന്ന അദ്ദേഹം ഈ ജനുവരിയിലാണ് തലസ്ഥാനത്ത് മടങ്ങിയെത്തിയത്. പിന്നീട് വിളപ്പിലിലെ വൃദ്ധസദനത്തിലേക്ക് മാറുകയായിരുന്നു.

1932ൽ കൊല്ലം കായിക്കരയിൽ നവഭാരതം പത്രം ഉടമ എ.കെ.ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായാണ് ജനനം. ‘നവഭാരത’ത്തിൽ പിതാവ് അറിയാതെ അപരനാമത്തിൽ വാർത്തയെഴുതിയാണ് മാദ്ധ്യമ പ്രവർത്തനത്തിന് തുടക്കമിട്ടത്. 1952ൽ 19ാം വയസിൽ ദ ഹിന്ദുവിൽ ചേർന്നു. 1958 വരെ തുടർന്നു. പിന്നീട് സ്റ്റേറ്റ്സ്‌മാൻ,​ പേട്രിയറ്റ്,​ ഡെക്കാൻ ഹെറാൾഡ് തുടങ്ങി വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിലായി ജോലിനോക്കി. ദേശീയ വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ കൊൽക്കത്തയിലെയും കാശ്മീരിലെയും ബ്യൂറോ ചീഫായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ചപ്പോൾ വാർത്താവിഭാഗം ഉപദേഷ്ടാവായി. 1991ൽ പത്രപ്രവർത്തനത്തിൽ നിന്ന് വിരമിച്ചു. ശേഷം കോളങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ഇടപെടലുകൾ‌ നടത്തി.

ചിത്രം നഷ്ടപ്പെട്ടവർ, ന്യൂസ് റൂം – ഒരു മാദ്ധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ, ദ ചേയ്ഞ്ചിംഗ് മീഡിയസ്‌കേപ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ന്യൂസ് റൂമിന് 2023ലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ഭാര്യ: പരേതയായ രമ. മകൾ: പരേതയായ ബിന്ദു ഭാസ്‌കർ ബാലാജി. ഡോ.കെ.ആർ.ബാലാജിയാണ് മരുമകൻ. ഉള്ളൂർ നീരാഴി ലെയിനിലെ സഹോദരന്റെ വീട്ടിലും പ്രസ് ക്ളബ്ബിലും പൊതുദർശനത്തിന് ശേഷം ഇന്നലെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടന്നു. ബി.ആർ.പി.ഭാസ്‌കറിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.


Source link

Related Articles

Back to top button