കോഴിക്കോട്: പ്രചാരണം മുതൽ വോട്ടെണ്ണൽ വരെ നീണ്ട ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ വടകരയിലെ ജനകീയ കോടതിയുടെ അന്തിമവിധി ഷാഫി പറമ്പിലിനൊപ്പം. ഇടതുപക്ഷത്തിന്റെ കടത്തനാടൻ കോട്ടയിൽ സി.പി.എമ്മിന്റെ കരുത്തയായ നേതാവ് കെ.കെ. ശൈലജയ്‌ക്കെതിരെ 1,14, 506 വോട്ടിന്റെ ഭൂരിപക്ഷം. ആരു ജയിച്ചാലും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഷാഫിയുടെ ജയം.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തുടങ്ങിയതാണ് വടകരയിൽ സി.പി.എമ്മിന്റെ അപചയം. 2004ൽ ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ വോട്ടിന് സി.പി.എമ്മിലെ പി. സതീദേവി ജയിച്ച വടകരയാണ് 2009 മുതൽ വലത്തോട്ട് ചാഞ്ഞത്. മുല്ലപ്പള്ളി തുടങ്ങിവെച്ച തേരോട്ടം മുരളീധരനിലൂടെ ഷാഫിയിലെത്തുമ്പോൾ എതിരാളിയുടെ ജയത്തിനപ്പുറം ഭൂരിപക്ഷം കണ്ട് ആധിപിടിക്കുകയാണ് സി.പി.എം.
കഴിഞ്ഞ തവണ കെ. മുരളീധരൻ നേടിയത് 84,663 വോട്ടിന്റെ ഭൂരിപക്ഷം. 15 വർഷത്തെ കണക്കുതീർക്കാൻ ആവനാഴിയിലെ സർവ അസ്ത്രങ്ങളുമെടുത്തിട്ടും കാലിടറി വീഴുകയായിരുന്നു സി.പി.എം. വടകരയിൽ മത്സരിക്കാൻ കെ.കെ.ശൈലജയ്ക്കപ്പുറം യോഗ്യതയുള്ള സ്ഥാനാർത്ഥി സി.പി.എമ്മിനുണ്ടായിരുന്നില്ല. ആരോഗ്യമന്ത്രിയായി തെളിഞ്ഞ മട്ടന്നൂർ എം.എൽ.എ കൂടിയായ ശൈലജയെ ഇറക്കുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കുമെന്നതിനപ്പുറം മറ്റൊരു കണക്കുകൂട്ടലും സി.പി.എമ്മിനുണ്ടായിരുന്നില്ല. സംഭവിച്ചതാകട്ടെ കഴിഞ്ഞ തവണ പി. ജയരാജൻ നേരിട്ടതിനെക്കാൾ വലിയ പരാജയം.
ഏശാതെ അശ്ലീല വീഡിയോ വിവാദം
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ രാഷ്ട്രീയ കേരളം ചർച്ച ചെയ്ത മണ്ഡലമായിരുന്നു വടകര. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അശ്ലീല വീഡിയോകളുമൊക്കെയായി അതുനീണ്ടു. വോട്ട് പെട്ടിയിലായിട്ടും വാക്കു കൊണ്ടുള്ള അടിയും തിരിച്ചടിയും അവസാനിച്ചില്ല. ഒടുവിൽ ആരോപണങ്ങളെയെല്ലാം കാറ്റിൽപ്പറത്തി യു.ഡി.എഫും ആർ.എം.പിയും ആഗ്രഹിച്ച വിജയം ഷാഫി കൊയ്തു. കാഫിർ വിവാദമടക്കം തനിക്കെതിരെ ഉയർത്തിക്കാട്ടിയ വിഷയങ്ങൾക്കെല്ലാം വടകര നൽകിയ മറുപടിയാണ് വിജയമെന്ന് ഷാഫി പ്രതികരിച്ചു. ഒന്നരപ്പതിറ്റാണ്ട് നീണ്ട കാത്തിരിപ്പായിരുന്നു സി.പി.എമ്മിന് വടകര. അതുകൂടി അവസാനിക്കുമ്പോൾ പഴയകോട്ട വീണ്ടെടുക്കാൻ ഏതു വില്ലാളിവീരനെ ഇറക്കണമെന്നതാണ് സി.പി.എമ്മിന് മുന്നിലെ വലിയ ചോദ്യം.
Source link