ആപ്പിനെ തുണയ്ക്കാതെ ഡൽഹിയും പഞ്ചാബും

ന്യൂഡൽഹി : അഴിമതി നടത്തിയതു കൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ ജയിലിൽ പോയതെന്ന ബി.ജെ.പിയുടെ പ്രചാരണവും, മോദി ഘടകവും ഡൽഹിയിൽ നിർണായകമായി. ഏഴിൽ ഏഴ് സീറ്റും ബി.ജെ.പി നിലനിറുത്തി.

മദ്യനയക്കേസിൽ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിൽ പ്രചാരണരംഗത്തേക്ക് കേജ്‌രിവാൾ എത്തിയെങ്കിലും അതൊന്നും രാജ്യതലസ്ഥാനത്തെ മോദി സ്വാധീനം കുറയ്‌ക്കാൻ പര്യാപ്‌തമായില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന പ്രവണത ഡൽഹി നിവാസികൾ ഇത്തവണയും തുടർന്നു.

ഡൽഹിയിൽ ഇത്തവണയും ആം ആദ്മിക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും വോട്ടുവിഹിതം വർദ്ധിപ്പിച്ചു. ‘ഇന്ത്യ’ സഖ്യത്തിന് കീഴിൽ ഏഴിൽ നാലു സീറ്രിൽ ആംആദ്മി പാർട്ടിയും, മൂന്നിടത്ത് കോൺഗ്രസുമാണ് മത്സരിച്ചത്. കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ ഇടിവുണ്ടായി. പഞ്ചാബിലെ 13 സീറ്രുകളിലും ആംആദ്മി മത്സരിച്ചെങ്കിലും മൂന്ന് സീറ്രുകളിൽ വിജയം ഒതുങ്ങി.


Source link

Exit mobile version