ടെൽ അവീവ്: ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളിൽ മൂന്നിലൊന്നും മരിച്ചിരിക്കാമെന്ന് ഇസ്രേലി സർക്കാരിന്റെ നിഗമനം. ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയ പലസ്തീൻ ഭീകരവാദികൾ 251 പേരെയാണു ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്. നവംബറിലെ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ നൂറിലധികം പേർ മോചിതരായിരുന്നു. 120 പേർ ഗാസയിൽ ബന്ദികളായി തുടരുന്നുവെന്നാണ് ഇസ്രേലി സർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിൽ 43 പേർ മരിച്ചിരിക്കാമെന്ന് അനുമാനിക്കുന്നു. ഇന്റലിജൻസ് വിവരങ്ങളടക്കം പരിഗണിച്ചാണ് അനുമാനത്തിലെത്തിയത്. മരണസംഖ്യ ഇതിലും കൂടാമെന്നും ചില ഇസ്രേലി ഉദ്യോഗസ്ഥർ കരുതുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രേലി വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ വധിക്കുമെന്നു ഹമാസ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇസ്രേലി വ്യോമാക്രമണത്തിൽ പല ബന്ദികളും കൊല്ലപ്പെട്ടതായും ഹമാസ് പിന്നീട് പറഞ്ഞിട്ടുണ്ട്. ഗാസയിൽനിന്നു ലഭിച്ച ബന്ദികളുടെ മൃതദേഹങ്ങളിൽ നടത്തിയ പരിശോധനയിൽ ചിലരുടെ മരണം കൊലപാതകമായിരുന്നുവെന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. നാലു ബന്ദികൾകൂടി മരിച്ചതായി തിങ്കളാഴ്ച ഇസ്രേലി വൃത്തങ്ങൾ അറിയിച്ചിരുന്നു. ചെയിം പെറി (79), യോറാം മെറ്റ്സ്ഗർ (80), അമിരാം കൂപ്പർ (85), ബ്രിട്ടീഷ് -ഇസ്രേലി പൗരൻ നദാവ് പോപ്പ്ൾവെൽ (51) എന്നിവരുടെ മരണമാണു സ്ഥിരീകരിച്ചത്. ഇസ്രേലി സേന തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഇവർ നാലുപേരും മരിച്ചതെന്ന് സേനാ വക്താവ് ഡാനിയേൽ ഹാഗാരി അറിയിച്ചു. ഇസ്രേലി വ്യോമാക്രമണത്തിലാണു നദാവ് പോപ്പ്ൾവെൽ മരിച്ചതെന്നു ഹമാസ് കഴിഞ്ഞമാസം പറഞ്ഞിരുന്നു.
Source link