ആറ്റിങ്ങൽ: സംസ്ഥാനത്ത് ഏറ്റവും കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. സിറ്റിംഗ് എംപി അടൂർ പ്രകാശാണ് യു ഡി എഫ് സ്ഥാനാർത്ഥി. മണ്ഡലം പിടിക്കാൻ എൽ ഡി എഫ് വി ജോയിയേയും എൻ ഡി എ കേന്ദ്രമന്ത്രി വി മുരളീധരനെയുമാണ് കളത്തിലിറക്കിയത്.
തിരഞ്ഞെടുപ്പുകളിൽ പരാജയം നുണഞ്ഞിട്ടില്ലാത്ത കോൺഗ്രസിന്റെ വിന്നിംഗ് ഹീറോ അടൂർ പ്രകാശിലൂടെ ഇത്തവണയും മണ്ഡലം യു ഡി എഫിനൊപ്പമാണ്. 1708 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് വിജയം. ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. വി ജോയി ആണ് രണ്ടാം സ്ഥാനത്ത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മൂന്ന് സ്ഥാനാർത്ഥികളും മൂന്ന് ലക്ഷത്തിലധികം വോട്ട് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ജോയി ആണോ വിജയി എന്ന് വരെ ആളുകൾ സംശയിച്ചിരുന്നു.
സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവമാണ് ഇവിടെ മത്സരത്തിന്റെ വീര്യം കൂട്ടിയത്. അഞ്ചുവർഷം മണ്ഡലത്തിലെ ജനങ്ങൾക്കായി അവർ ആഗ്രഹിച്ചതും പ്രതീക്ഷിക്കാത്തതുമായ നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണ് ഇത്തവണ മത്സരിക്കുന്നതെന്ന് അടൂർ പ്രകാശ് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു.
മണ്ഡലത്തിൽ അന്യനല്ലാത്ത നേതാവാണ് വി ജോയി. അദ്ദേഹത്തിലൂടെ മണ്ഡലം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ഇടതുപക്ഷത്തിന്. കേന്ദ്രമന്ത്രി എന്നതിലുപരി ബി ജെ പിയെ സംസ്ഥാനത്ത് ഏറെക്കാലം നയിച്ച നേതാവ് കൂടിയാണ് വി മുരളീധരൻ. ആറ്റിങ്ങലിൽ ബി ജെ പി വിജയിച്ചേക്കുമെന്നായിരുന്നു പല എക്‌സിറ്റ് പോളുകളും പ്രവചിച്ചത്.
2009 ലാണ് ആറ്റിങ്ങൽ മണ്ഡലം രൂപീകരിച്ചത്. തുടർച്ചയായ രണ്ടുതവണ ഇവിടെ നിന്ന് സി പി എമ്മിന്റെ എ സമ്പത്താണ് പാർലമെന്റിലെത്തിയത്. 2009ൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രൊഫ. ജി ബാലചന്ദ്രനെ പരാജയപ്പെടുത്തി. 2014ൽ ബിന്ദു കൃഷ്ണയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി.
എന്നാൽ 2019ൽ കാര്യങ്ങൾ മാറി മറിഞ്ഞു. അന്ന് സമ്പത്തിന് എതിരാളിയായി അടൂർ പ്രകാശിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. ശോഭ സുരേന്ദ്രനായിരുന്നു ബി ജെ പി സ്ഥാനാത്ഥി. സമ്പത്തിനേക്കാൾ 38,247 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അടൂർ പ്രകാശ് വിജയിച്ചത്.
Source link