തിരുവനന്തപുരം: തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി വിജയം ഉറപ്പിച്ച സാഹചര്യത്തിൽ മധുരം വിളമ്പി കുടുംബം. സുരേഷ് ഗോപി ഇപ്പോൾ തിരുവനന്തപുരത്തെ വസതിയിലാണ് ഉള്ളത്. ഉടനെ തൃശൂരിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
വീട്ടിലെത്തിയ മാദ്ധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയ അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തത്. തൃശൂർ എത്തിയതിന് പിന്നാലെ പ്രതികരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തിരുവനന്തപുരത്തെ വീട്ടിലെത്തിയ പ്രവർത്തകർക്ക് സുരേഷ് ഗോപിയും കുടുംബവും ബോളിയും പായസവും വിളമ്പി. സുരേഷ് ഗോപിയുടെ ഭാര്യ രാധിക അദ്ദേഹത്തിന് മധുരം നൽകി വിജയം ആഘോഷിച്ചു.
നിലവിൽ 71136 വോട്ടിന്റെ ലീഡ് സുരേഷ് ഗോപിക്ക് ഉണ്ട്. കോൺഗ്രസിന്റെ കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫും എൽഡിഎഫും മാറിമാറി മുന്നേറിയ മണ്ഡലത്തിൽ ഒന്നരമണിക്കൂർ കഴിഞ്ഞതോടെയാണ് സുരേഷ് ഗോപി മേൽക്കൈ നേടിയത്. തൃശൂരിൽ വൻ ആഘോഷപ്രകടനം തുടങ്ങി കഴിഞ്ഞു.
സുരേഷ് ഗോപിയുടെ വരവോടെ തൃശൂർ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിവസം മത്സര രംഗത്തെത്തിയ സുരേഷ് ഗോപി തൃശൂർ എടുക്കും എന്നുപറഞ്ഞുകൊണ്ട് വിരലിലെണ്ണാവുന്ന ദിവസത്തിൽ പ്രചാരണം ശക്തമാക്കുകയും ഇരുമുന്നണികളെയും വിറപ്പിച്ചുകൊണ്ട് വോട്ട് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു.
2,93,822 വോട്ടുകളാണ് അന്ന് സുരേഷ് ഗോപി നേടിയത്. അന്ന് തുടങ്ങിയ കഠിനാദ്ധ്വാനമാണ് ഇപ്പോൾ വിജയകരമായ ഒരു പരിസമാപ്തിയിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും ലോക്‌സഭയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Source link