KERALAMLATEST NEWS

“തൃശൂരിലെ ജനങ്ങളെ ഞാൻ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോൾ വിളിക്കുന്നത്”; ഒഴുക്കിനെതിരെ നീന്തിക്കയറിയെന്ന് സുരേഷ് ഗോപി

തൃശൂർ: വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി തൃശൂരിലെ എൻ ഡ‌ി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങളെ ഞാൻ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോൾ വിളിക്കുന്നതെന്നും വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

‘എനിക്ക് ഈ വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രതിസന്ധിയുടെ കൂലിയാണ് എനിക്ക് തന്നത്. ഒഴുക്കിനെതിരെ നീന്തിക്കയറുക. വ്യക്തിപരമായി ഒരുപാട് ദ്രോഹമാണ് വലിയ വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. അതിൽനിന്ന് കടന്നുകയറാൻ എന്നെ സഹായിച്ചത്…വിവിധ വിഷയങ്ങളുണ്ട് അത് ഞാൻ എടുത്തെടുത്ത് പറയുന്നില്ല.

ആരും വിളിച്ചുപറഞ്ഞില്ല, പക്ഷേ ആ സത്യം തൃശൂരിലെ ജനങ്ങൾ, ഞാൻ അവരെ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോൾ വിളിക്കുന്നത്. ആ പ്രജാ ദൈവങ്ങൾ ആ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴി തെറ്റിച്ചുവിടാൻ നോക്കിയിടത്തുനിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമായി തിരിച്ചു. ഇതവർ നൽകുന്ന അനുഗ്രഹം കൂടിയാണ്.

ഇതൊരതിശയം എന്ന നിലയ്ക്ക് നിങ്ങൾക്ക് തോന്നിയെങ്കിൽ, എന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിത്തരുന്നത്. ഞാൻ തൃശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലം മാത്രമാണ് ഇത് സാദ്ധ്യമായത്. അവരെ ഈ പക്ഷത്തേക്ക് കൊണ്ടുവരാൻ പണിയെടുത്ത 1200 ലധികം ബൂത്തുകൾ, ആ ബൂത്തുകളിൽ മുഴുവൻ പ്രവർത്തകരായിരുന്നില്ല. ആ ബൂത്തുകളിലെ വോട്ടർമാരടക്കം പ്രചാരണത്തിനിറങ്ങി. എറണാകുളത്തുനിന്നും മറ്റു ജില്ലകളിൽ നിന്നുമൊക്കെ ഒരുപാട് അമ്മമാർ വന്ന് അവിടെ പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും മദ്ധ്യപ്രദേശിൽനിന്നുമൊക്കെ എത്രയോ വ്യക്തികൾ, ഒരു ആയിരം പേരെങ്കിലുമുണ്ടാകും. 42 ദിവസവും എന്റെ പ്രയത്നത്തിനിടയിൽ സത്യത്തിൽ അവരാണ് എന്നെ പ്രജക്ട് ചെയ്ത് കാണിച്ചത്.

പാർട്ടി പ്രവർത്തകർ കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ആവശ്യപ്പെട്ടതിന്റെ നൂറിരട്ടിയായി തന്നു. ജനങ്ങളിലേക്ക് അടുക്കാനുള്ള മിഷനായി കൊണ്ടുപോകുന്നതിനുള്ള മിഷണറിയായി അവർ പ്രവർത്തിച്ചിട്ടുണ്ട്.

ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്, എന്നെ അവിടെ കൊണ്ടുപോയി ലോഞ്ച് ചെയ്ത അമിത് ഷാ, നരേന്ദ്ര മോദി എനിക്കെന്റെ രാഷ്ട്രീയ ദൈവമാണ്. എന്നുപറയുമ്പോഴും ലിബറലാണോ എന്ന് ചോദിച്ചാൽ ആ നാച്വർ വച്ച് ഞാൻ പറയുന്നതല്ല. ഞാൻ ഇന്നും ആരാധിക്കുന്ന ഭാരതത്തിന്റെ റിയൽ ആർക്കിടെക്ട് ശ്രീമതി ഇന്ദിരാ ഗാന്ധി, ശ്രീ പി വി നരസിംഹ റാവൂ, എൽ കെ അദ്ധ്വാനി ജി തുടങ്ങി എന്റെ പ്രിയപ്പെട്ട സഖാവ് ഇ കെ നായനാർ, കെ കരുണാകരൻ… ഇത് സർവ ജനങ്ങളുടെയും ഇഷ്ടം നേടാൻ പറയുന്നതല്ല. ഇതെല്ലാം ഹൃദയത്തിൽ ഞാൻ സൂക്ഷിക്കുന്ന ബിംബങ്ങൾ തന്നെയാണ്. അതെല്ലാം അങ്ങനെ തന്നെ ഉണ്ടാകും.’-സുരേഷ് ഗോപി പറഞ്ഞു.


Source link

Related Articles

Back to top button