KERALAMLATEST NEWS

സഞ്ജു ടെക്കിക്കും കൂട്ടുകാർക്കും കുരുക്ക് മുറുകുന്നു; കടുത്ത നടപടികളുമായി പൊലീസും

ആലപ്പുഴ: കാറിനുളളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ചുക്കൊണ്ട് യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനമോടിച്ചതിന് ആ‌ർടിഒയുടെ പരാതിയിൽ മണ്ണഞ്ചേരി പൊലീസാണ് കേസെടുക്കുക. ആർടിഒ രജിസ്റ്റർ ചെയ്ത കേസ് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ.

യൂട്യൂബർക്കൊപ്പം കാറിൽ സഞ്ചരിച്ച കൂട്ടുകാരും പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും. സഞ്ജു സഞ്ചരിച്ച ടാറ്റാ സഫാരി കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ യൂട്യൂബർക്കെതിരെ സ്വീകരിച്ച നടപടികൾ പോരെന്നും സഞ്ജുവിന്റെ പ്രവർത്തികളെ കുറിച്ച് വിശദമായ റിപ്പോർട്ട്‌ നൽകണമെന്നും ആർടിഒയ്‌ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

ആർടിഓയുടെ ശിക്ഷാ നടപടികളെ പരിഹസിച്ച് സഞ്ജു യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായിരുന്നു. പിന്നാലെ നടപടികൾ കടുപ്പിക്കാനായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. കേസെടുത്തതിന് ശേഷം തന്റെ യൂട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും പത്ത് ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവർക്കും നന്ദിയുണ്ടെന്നായിരുന്നു വീഡിയോയിൽ സഞ്ജു പറഞ്ഞിരുന്നത്.

കാറിൽ സ്വിമ്മിംഗ് പൂൾ തയ്യാറാക്കി പൊതുനിരത്തിൽ ഓടിച്ച സഞ്ജുവിനും കൂട്ടുകാർക്കുമെതിരെ ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർടിഒ നടപടിയെടുത്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കുറ്റിപ്പുറത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നടത്താനും ശിക്ഷ നൽകി. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിനെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് ഇയാൾ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തത്. യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ ഇടപെട്ടത്.


Source link

Related Articles

Back to top button