നിയമം എം.വി.ഡി കർശനമാക്കി: ഡ്രൈവിംഗ് ടെസ്റ്റ് വീണ്ടും കുളമായി

തിരുവനന്തപുരം: അംഗീകൃത പരിശീലകർ നേരിട്ടെത്തണമെന്ന നിബന്ധനയുടെ പേരിൽ ഡ്രൈവിംഗ് ടെസ്റ്റ് വീണ്ടും തടസപ്പെടുന്നു. പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും ജീവനക്കാരും സംഘടിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടു. അംഗീകൃത പരിശീലകരുമായി എത്തിയ ഡ്രൈവിംഗ് സ്‌കൂളുകൾപോലും മറ്റുള്ളവരുടെ സമ്മർദ്ദത്തിനു വഴങ്ങി ടെസ്റ്റിൽ പങ്കെടുക്കാതെ മാറിനിന്നു.
മോട്ടോർ വാഹനവകുപ്പ് നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർ ഡ്രൈവിംഗ് പഠിപ്പിക്കണമെന്നാണ് നിയമം. എന്നാൽ,​ ഭൂരിഭാഗം ഡ്രൈവിംഗ് സ്‌കൂളുകളിലും മറ്റുള്ളവരാണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ഡ്രൈവിംഗ് പഠിപ്പിക്കാനുള്ള യോഗ്യതയില്ലാത്തവരാണ്. സ്‌കൂൾ ലൈസൻസ് നേടുമ്പോഴും പുതുക്കുമ്പോഴും മാത്രമാണ് മിക്ക സ്‌കൂളുകളും അംഗീകൃത പരിശീലകരെ ഹാജരാക്കുന്നത്. ഇവരിൽ പലരും മറ്റു ജോലികളിലാണ്. ഇവർ സ്ഥലത്തുപോലും ഉണ്ടാകില്ലെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ കണ്ടെത്തൽ.
ഈ ക്രമക്കേട് തടയാനാണ് അംഗീകൃത പരിശീലകർ പഠിതാക്കളുമായി ടെസ്റ്റിംഗ് ഗ്രൗണ്ടിൽ എത്തണമെന്ന നിബന്ധന മോട്ടോർവാഹനവകുപ്പ് മുന്നോട്ടുവച്ചത്. ഈ വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്ന് ഡ്രൈവിംഗ് സ്‌കൂളുകാർ പറയുന്നു. ടെസ്റ്റ് ഉള്ളപ്പോഴെല്ലാം അംഗീകൃത പരിശീലകർ രാവിലെ എത്തണമെന്നത് പ്രായോഗികമല്ലെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് ടെസ്റ്റ് ബഹിഷ്‌കരിക്കാനാണ് നീക്കം.
സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓൾകേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും. അംഗീകൃത പരിശീലകർ നേരിട്ടെത്തണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷനും (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. അതേസമയം സർക്കാർ തീരുമാനം മുന്നോട്ടു കൊണ്ടുപോകുമെന്ന നിലപാടിലാണ് മോട്ടോർ വാഹനവകുപ്പ്.


Source link
Exit mobile version