ചരിത്രമായി ക്ലോഡിയ ഷെയ്ൻബോം
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ രാഷ്ട്രീയ കാലാവസ്ഥ തിരുത്തി ചരിത്രമായി കാലാവസ്ഥാ ശാസ്ത്രജ്ഞ ക്ലോഡിയ ഷെയ്ൻബോം. മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായായാണ് ക്ലോഡിയ ചരിത്രം തിരുത്തിയത്. വൻ ഭൂരിപക്ഷമാണ് മെക്സിക്കോ സിറ്റി മുൻ മേയർകൂടിയായ അറുപത്തിയൊന്നുകാരി കരസ്ഥമാക്കിയത്. 58.3 ശതമാനത്തിനും 60.7 ശതമാനത്തിനും ഇടയിൽ വോട്ടാണ് ക്ലോഡിയ നേടിയത്. എതിർ സ്ഥാനാർഥി സോചിൽ ഗാൽവസിന് 26.6 ശതമാനത്തിനും 28.6 ശതമാനത്തിനും ഇടയിലും ജോർജ് അൽവാരസ് മെയ്നസിന് 9.9 ശതമാനത്തിനും 10.8 ശതമാനത്തിനും ഇടയിലാണ് വോട്ട് ലഭിച്ചത്. തന്റെ രാഷ്ട്രീയ മാർഗദർശിയും നിലവിലെ പ്രസിഡന്റുമായ ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രഡോറിന്റെ നയങ്ങളാവും താൻ പിന്തുടരുകയെന്ന് ക്ലോഡിയ വ്യക്തമാക്കിയിട്ടുണ്ട്. മൊറേന പാർട്ടി സ്ഥാപകൻ കൂടിയായ ആൻഡ്രസ് ലോപസിന്റെ വിശ്വസ്തകൂടിയാണ് ക്ലോഡിയ. ക്ലോഡിയയുടെ പ്രധാന എതിരാളിയും വനിതയായിരുന്നു എന്നതും സവിശേഷതയാണ്. മെക്സിക്കോയിൽ ഇതാദ്യമായാണ് രണ്ടു വനിതകൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളികളാകുന്നത്. ക്ലോഡിയയും സോചിൽ ഗാൽവസും ഇടതുപക്ഷ പാർട്ടിയായ ‘മൊറേന’യുടെ അംഗങ്ങളാണ്. മെക്സിക്കൻ സിറ്റിയുടെ മേയറായിരുന്ന ക്ലോഡിയ അന്നും ചരിത്രം തിരുത്തിയിരുന്നു. 2018-ൽ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായാണ് ക്ലോഡിയ മെക്സിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയ താരമായത്. 2023-ൽ സ്ഥാനമൊഴിഞ്ഞു. ആൻഡ്രസ് മാനുവൽ ലോപ്പസ് മെക്സിക്കൻ സിറ്റിയുടെ മേയറായിരുന്നപ്പോൾ അന്ന് പരിസ്ഥിതി സെക്രട്ടറിയായിരുന്നു ക്ലോഡിയ. എനർജി എൻജിനിയറിംഗിൽ ഡോക്ടറേറ്റുള്ള ക്ലോഡിയ, കാലാവസ്ഥാ ശാസ്ത്രജ്ഞകൂടിയാണ്. അവരുടെ മാതാപിതാക്കളും ശാസ്ത്രജ്ഞരായിരുന്നു. ബൾഗേറിയയിൽനിന്നു മെക്സിക്കോയിലേക്കു കുടിയേറിയ ജൂത കുടുംബത്തിലെ അംഗമാണ്. ഒക്ടോബർ ഒന്നിന് ആൻഡ്രസ് സ്ഥാനമൊഴിയുകയും ക്ലോഡിയ പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്യും.
Source link