വിജയ പ്രതീക്ഷയിൽ കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ
ന്യൂഡൽഹി: എക്‌സിറ്റ് പോൾ സർവെ ഫലങ്ങളൽ പതറരുതെന്നും യഥാർത്ഥ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്നും സംസ്ഥാന നേതാക്കൾ എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെയും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ എ.ഐ.സി.സിയിൽ സംഘടിപ്പിച്ച ഒാൺലൈൻ യോഗത്തിലാണ് സംസ്ഥാന ഘടകങ്ങൾ സാഹചര്യങ്ങൾ വിശദീകരിച്ചത്. മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് സംസ്ഥാന ഘടകങ്ങൾ എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസിന്റെ സാദ്ധ്യതകൾ വിലയിരുത്തിയത്.
നാളെ വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എ.ഐ.സി.സി നേതാക്കൾ പി.സി.സി അദ്ധ്യക്ഷൻമാർ, മുഖ്യമന്ത്രിമാർ, പാർട്ടി ചുമതലയുള്ളവർ, സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത യോഗം ചർച്ച ചെയ്‌തു.കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണിക്ക് 295 സീറ്റ് ഉറപ്പാണെന്ന് യോഗത്തിന് ശേഷം ജയ്‌റാം രമേശ് അറിയിച്ചു.
കോൺഗ്രസിന് നാലു സീറ്റുകൾ ഉറപ്പാണെന്നും ‘ഇന്ത്യ’ മുന്നണി 13 സീറ്റുകൾ വരെ ലഭിക്കാമെന്നും രാജസ്ഥാൻ പി.സി.സി മേധാവി ഗോവിന്ദ് സിംഗ് ദൊതാശ്ര വ്യക്തമാക്കി.. ഉത്തർപ്രദേശിൽ ‘ഇന്ത്യ’ മുന്നണിയായി മത്സരിച്ചത് ഗുണം ചെയ്യുമെന്ന് പി.സി.സി അദ്ധ്യക്ഷൻ അജയ് റായ് പറഞ്ഞു. 16 സീറ്റുകളാണ് മഹാരാഷ്ട്രയിൽ പി.സി.സി അദ്ധ്യക്ഷൻ നാനാ പടോളെ കോൺഗ്രസിന് പ്രവചിച്ചത്. 38 സീറ്റുകളിൽ ഇന്ത്യ മുന്നണി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു രണ്ടു സീറ്റുകളും പ്രവചിച്ചു.
സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല തരംഗമുണ്ടെന്നും എട്ട് സീറ്റുകൾ ജയിക്കുമെന്നും അസാം പി.സി.സി അദ്ധ്യക്ഷൻ ഭൂപൻ കുമാർ ബോറ പറഞ്ഞു. ഹരിയാനയിൽ പത്തു സീറ്റിലും കോൺഗ്രസിന് സാദ്ധ്യതയുണ്ടെന്നും കുറഞ്ഞത് എട്ടു സീറ്റ് ഉറപ്പാണെന്നും പി.സി.സി അദ്ധ്യക്ഷൻ ഉദയ് ഭാൻ. ഗുജറാത്തിൽ അഞ്ചു സീറ്റുവരെ ജയിക്കുമെന്നാണ് പി.സി.സി അദ്ധ്യക്ഷൻ ശക്തിസിംഗ് ഗോഹീൽ അവകാശപ്പെട്ടത്. പഞ്ചാബിൽ പത്തു സീറ്റാണ് പി.സി.സി അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് അവകാശപ്പെടുന്നത്. മൂന്നു സീറ്റിൽ ആംആദ്‌മി പാർട്ടി അടക്കം മോദി വിരുദ്ധ കക്ഷികൾ ജയിക്കുമെന്നും പറഞ്ഞു. . കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എക്‌സിറ്റ് പോൾ സർവെകളെ തള്ളി.
Source link