ബാലറ്റ് വോട്ടുകൾ ആദ്യം എണ്ണണമെന്ന് ‘ഇന്ത്യ’ നേതാക്കൾ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടുന്നില്ലെന്ന് ഉറപ്പിക്കാൻ പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ആദ്യം എണ്ണുന്ന പതിവ് തുടരണമെന്ന് ഇലക്ഷൻ കമ്മിഷനോട് ‘ഇന്ത്യ” നേതാക്കൾ ആവശ്യപ്പെട്ടു. 2019ൽ പതിവ് രീതി മാറ്റി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുമായി കലർത്തിയാണ് ബാലറ്റ് വോട്ടുകളും എണ്ണിയത്.
തപാൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് ഇലക്ഷൻ നിയമത്തിൽ പ്രത്യേകം സൂചിപ്പിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടശേഷം കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. 2019 ൽ തപാൽ ബാലറ്റ് ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതു പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മുൻകരുതലിന് വേണ്ടിയാണിതെന്നും സിംഗ്‌വി വ്യക്തമാക്കി. സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐയുടെ ഡി.രാജ, കോൺഗ്രസിന്റെ സൽമാൻ ഖുർഷിദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വോട്ടെണ്ണുമ്പോൾ അസി. റിട്ടേണിംഗ് ഓഫീസർമാരുടെ മേശയ്‌ക്കു സമീപം സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ അനുവദിക്കേണ്ടെന്ന കമ്മിഷൻ തീരുമാനം വോട്ടിംഗ് യന്ത്രത്തിൽ തട്ടിപ്പ് കാണിക്കുന്നതിനെക്കാൾ വലിയ അട്ടിമറിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇങ്ങനെയൊരു തീരുമാനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
Source link