ഷാക്കെതിരായ പരാമർശം: ജയറാം രമേശിൽ നിന്ന് വിവരം തേടി കമ്മിഷൻ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ജില്ലാ വരണാധികാരി കൂടിയായ ജില്ലാ മജിസ്ട്രേട്ടുമാരെ ഫോണിൽ വിളിച്ചു വിരട്ടുന്നുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശിൽ നിന്ന് വിവരങ്ങൾ തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. അമിത് ഷാ 150 ജില്ലാ മജിസ്ട്രേട്ടുമാരെ ഫോണിൽ വിളിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്തെന്ന് അറിയിക്കണം. വസ്‌തുതകൾ കൈമാറണം. അങ്ങനെയെങ്കിൽ ഉചിതമായ നടപടിയെടുക്കാൻ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ജയറാം രമേശിനെ അറിയിച്ചു. ഉത്തരവാദപ്പെട്ട മുതിർന്ന നേതാക്കളിൽ നിന്നും ഇത്തരം പരാമർശങ്ങളുണ്ടാകുന്നത് വോട്ടെണ്ണലിനെ സംശയത്തിന്റെ നിഴലിൽ നിറുത്തും. അതിനാൽ വിശാലമായ പൊതുതാത്പര്യം മുൻനിറുത്തി വിഷയം കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ആരോപണം വിവാദമായതോടെയാണ് കമ്മിഷന്റെ ഇടപെടൽ. ശനിയാഴ്ചയാണ് ജയറാം രമേശ് എക്‌സ് അക്കൗണ്ടിൽ ആരോപണം ഉന്നയിച്ചത്.
Source link