ഡിജിറ്റൽ റീസർവേ: ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്
തിരുവനന്തപുരം: എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2022 നവംബറിൽ തുടങ്ങിയ ഡിജിറ്റൽ റീസർവേയുടെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്. ആദ്യഘട്ടത്തിലുൾപ്പെട്ട 200 വില്ലേജുകളിൽ 158ലും സർവേ നടപടികൾ തീർത്ത് 9(2) വിജ്ഞാപനമിറക്കി. രണ്ടാംഘട്ടത്തിലെ ഏഴു വില്ലേജുകൾകൂടി ചേർത്ത് ആകെ 165 വില്ലേജുകളിലാണ് ഇതിനകം വിജ്ഞാപനമിറക്കിയത്.
1666 വില്ലേജുകളിൽ 1550ലാണ് ഡിജിറ്റൽ റീസർവേ നടക്കുക. 116 വില്ലേജുകളിൽ നേരത്തെ ആർ.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ പൂർത്തീകരിച്ചിരുന്നു. ഒന്നാം ഘട്ടത്തിലുൾപ്പെട്ട 3,90,293 ഹെക്ടറിൽ 3,35,732.16ലും (86 %) സർവേ നടന്നു. കൊല്ലം, എറണാകുളം, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ മുഴുവൻ വില്ലേജുകളിലും വിജ്ഞാപനമിറങ്ങി.
സർവേ ജോലികൾക്കായി 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. 858.42 കോടിയാണ് ഡിജിറ്റൽ റീസർവേക്ക് ചെലവിടുന്നത്.
വില്ലേജുകളിൽ ലഭ്യമാക്കും
ഡിജിറ്റൽ റീസർവേ ഒരു വില്ലേജിൽ പൂർത്തിയായാൽ 9(2) വിജ്ഞാപനമിറക്കും. പൊതുജനങ്ങൾക്ക് പരിശോധിക്കാൻ വില്ലേജ് ഓഫീസുകളിൽ ഇത് ലഭ്യമാക്കും. പാളിച്ച ശ്രദ്ധയിൽപെട്ടാൽ സർവേ അസി. ഡയറക്ടർക്ക് ഓൺലൈനായി പരാതി നൽകാം. ഇത് പരിഹരിച്ച് അന്തിമ വിജ്ഞാപനമിറക്കും. എല്ലാ വില്ലേജുകളിലും സർവേ പൂർത്തിയായ ശേഷമാവും അന്തിമവിജ്ഞാപനം.
ലക്ഷ്യം വൈകും
നാലു വർഷംകൊണ്ട് റീസർവേ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, സർവേക്കുള്ള പല ഉപകരണങ്ങളും എത്താൻ വൈകിയതിനാൽ ആദ്യവർഷം പ്രതീക്ഷിച്ചത്ര ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ലക്ഷ്യം അതിലും വൈകും. ഡ്രോൺ, റിയൽ ടൈം കൈൻമാറ്റിക് (ആർ.ടി.കെ) റോവർ, ആർ.ടി.എസ് (റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ), കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ) തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്.
Source link