ന്യൂഡൽഹി:കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. കാവി നിറത്തിലുളള വസ്ത്രമണിഞ്ഞ നരേന്ദ്രമോദി സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുൻപിലിരുന്ന ധ്യാനിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കനത്ത് പ്രചാരണങ്ങൾക്കൊടുവിലാണ് 45 മണിക്കൂർ ധ്യാനിക്കാനായി അദ്ദേഹം കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ എത്തിയത്. ജൂൺ ഒന്ന് ഉച്ചവരെയാണ് ധ്യാനം.
1892ൽ സ്വാമി വിവേകാനന്ദൻ ഇവിടെ മൂന്ന് ദിവസം ധ്യാനമിരുന്നിരുന്നു. അദ്ദേഹം ധ്യാനമിരുന്ന സ്ഥലത്തെ ശ്രീപാദ മണ്ഡപം എന്ന് അറിയപ്പെട്ടു. ഐതീഹ്യമനുസരിച്ച് പാർവ്വതി ദേവി ശിവ ഭഗവാനുവേണ്ടി ധ്യാനമിരുന്നിട്ടുണ്ട്.കന്യാകുമാരിയിൽ സൂര്യാസ്തമയവും കണ്ട് ക്ഷേത്രദർശനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ധ്യാനം ആരംഭിച്ചത്. ക്ഷേത്ര ദർശനത്തിനെത്തിയ നരേന്ദ്രമോദി ആരതി തൊഴുത് പൂജാരിയിൽ നിന്ന് ഷാളും പ്രസാദവും സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ധ്യാനത്തിന് തുടക്കമിട്ടത്.
2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പു കാലയളവുകളിലും നരേന്ദ്രമോദി സമാനമായ രീതിയിൽ പ്രചാരണത്തിനുശേഷം രണ്ടുദിവസത്തോളം ധ്യാനം നടത്തിയിരുന്നു. രണ്ട് തവണയും ഉത്തരാഖണ്ഡിൽ ആയിരുന്നു ധ്യാനം. അതേസമയം, മോദിയുടെ ധ്യാനം മറ്റൊരു തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.സി.സി ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ധ്യാന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഡി.എം.കെയും നിവേദനം നൽകി. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ തമിഴ്നാട് ഘടകം മേധാവി കെ സെൽവപെരുന്തഗൈയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
Source link