ജീവൻ കൊടുത്തും പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കും; എസ്‌പിജി ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശമ്പളം അറിയാം
നമ്മുടെ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ആറ് തരം സുരക്ഷകളാണ് നിലവിലുള്ളത്. എക്സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി. ഇതിൽ എസ്‌പിജി സുരക്ഷ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർക്ക് മാത്രമാണ് ഏർപ്പെടുത്തുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും മുൻ പ്രധാനമന്ത്രിയെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്‌പിജി രൂപീകരിച്ചത്. നിലവിൽ 3000 പേരാണ് ഈ സേനയുടെ ഭാഗമായുള്ളത്.
1985ൽ ആണ് എസ്‌പിജി രൂപീകരിക്കുന്നത്. 1989ൽ വിപി സിംഗ് അധികാരത്തിൽ എത്തിയതോടെ രാജീവ് ഗാന്ധിയുടെ സുരക്ഷ എടുത്തുമാറ്റിയിരുന്നു. എന്നാൽ 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ എസ്‌പിജി നിയമം ഭേദഗതി വരുത്തി മുൻ പ്രധാനമന്ത്രിമാർക്കും കുടുംബത്തിനും നൽകാൻ തീരുമാനിക്കുകയായിരുന്നു. പത്ത് വർഷത്തേക്കെങ്കിലും സുരക്ഷ നൽകാനാണ് അന്ന് തീരുമാനിച്ചത്. 2003ൽ എസ്‌പിജി നിയമം വീണ്ടും ഭേദഗതി ചെയ്തിരുന്നു.
ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്‌പിജിയുടെ കനത്ത സുരക്ഷാ വലയത്തിലാണ്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി കന്യാകുമാരിയിൽ എത്തിയതും കനത്ത എസ്‌പിജി നിയന്ത്രണത്തിലാണ്. എസ്‌പിജിയാണ് പൂർണമായും സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുത്തത്. അടുത്തിടെ പ്രധാനമന്ത്രിക്ക് നൽകിവരുന്ന എസ്‌പിജി സുരക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്ന തുക കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നു. ഒരു ദിവസം മാത്രം 1.62 കോടി രൂപയാണ് എസ്‌പിജി സുരക്ഷയ്ക്ക് വേണ്ടി ചെലവാകുന്നത്.
കൂടാതെ എസ്‌പിജി ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പള വിവരവും പുറത്തുവന്നിരുന്നു. എസ്‌പിജി ഉദ്യോഗസ്ഥന് ഒരു മാസം 84,236 രൂപ മുതൽ 2,39,457 രൂപ വരെ ലഭിക്കും. ഒരു എസ്‌പിജി സുരക്ഷ ഉദ്യോഗസ്ഥന്റെ വാർഷിക വരുമാനം 13.2 ലക്ഷം രൂപയാണെന്നും ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ വൻ സുരക്ഷ സന്നാഹങ്ങളാണ് ഇവർക്കുള്ളത്. ജോലി സമയത്ത് മൂന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇവർ ധരിക്കും. കയ്യിൽ പ്രത്യേക ഗ്ലൗസ് ധരിച്ചിട്ടുണ്ടാകും.
പ്രധാനമന്ത്രിയോടൊപ്പമുണ്ടാകുമ്പോൾ കറുത്ത കോട്ടും സ്യൂട്ടും സൺഗ്ലാസും ഇവർ ധരിച്ചിട്ടുണ്ടാകും. ഡ്യൂട്ടി സമയത്ത് ഇവരുടെ മുഖത്ത് ഭാവ വ്യത്യാസങ്ങൾ ഒന്നും തന്നെ പ്രകടമാവില്ല. എഫ്എൻ പി90 മെഷിൻ ഗൺ, എഫ്എൻ ഹെർസ്റ്റൽ എഫ്2000 റൈഫിൾ, ഗ്ലോക്ക് 17 ഓട്ടോമാറ്റിക്ക് പിസ്റ്റൽ എന്നിവയാണ് എസ്‌പിജിയുടെ ആയുധങ്ങൾ. എസ്‌പിജി ജോലിക്കായി അപേക്ഷിക്കണമെങ്കിൽ ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നിർബന്ധമാണ്. ഐപിഎസ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി എന്നീ സേനകളിലുള്ളവർക്കും എസ്‌പിജിയുടെ ഭാഗമാകാം.
Source link