ഭിന്നാഭിപ്രായം ഉന്നയിക്കുന്നവരെ ഒതുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അടുത്തിടെ ദേശീയ ബിജെപി നേതൃത്വത്തിൽ ഉയർന്നിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും പേരുകളായിരുന്നു ഈ ചർച്ചകളിൽ അടുത്ത കാലത്തായി കേട്ടത്. നിതിൻ ഗഡ്കരിയെ തോൽപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രവർത്തിച്ചുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണം കൂടി പുറത്തുവന്നതോടെ ഈ ചർച്ചകൾക്ക് ആക്കം കൂട്ടി. ശരിക്കും ഇതൊക്കെ വെറും ഉഹാപോഹങ്ങൾ ആണോ? അതോ നിതിൻ ഗഡ്കരിയും മോദി-ഷാ കൂട്ടുകെട്ടും തമ്മിൽ ഒരു ആഭ്യന്തര മത്സരം നടക്കുന്നുണ്ടോ? പരിശോധിക്കാം….
പരസ്യമായ രഹസ്യം
നിതിൻ ഗഡ്കരിയും നരേന്ദ്ര മോദിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പാർട്ടിക്കുള്ളിലെ പരസ്യമായ ഒരു രഹസ്യമാണ്. ഉദ്ധവ് താക്കറെയുടെ പക്ഷക്കാരനായ ശിവസേന നേതാവ് സഞ്ജയ് റാവത്ത് അടുത്തിടെ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. ‘മോദിയും ഷായും ദേവേന്ദ്ര ഫഡ്നാവിസും ഗഡ്കരിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു, ഗഡ്കരിയുടെ തോൽവിക്ക് ഫഡ്നാവിസ് വലിയ തുക ചെലവഴിച്ചു”.
നാഗ്പൂരിൽ നിന്ന് മൂന്നാം തവണയും ജനവിധി തേടുന്ന ഗഡ്കരി, ബിജെപിയുടെ മിക്ക പ്രചാരണ പോസ്റ്ററുകളിലും ഉൾപ്പെടാത്തതും നേതാക്കൾക്കിടെയിലും അണികൾക്കിടിയിലും ചെറിയൊരു ആശങ്കയ്ക്ക് കാരണമായിരുന്നു. കൂടാതെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരകരുടെ പട്ടികയിൽ നിന്നും ഗഡ്കരിയെ ഒഴിവാക്കിയതും മറ്റൊരു കാരണമായി. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര പ്രചാരകരിൽ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു ഗഡ്കരി. എന്നാൽ ഇന്ന് എല്ലാം മാറി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി മോദി-ഷാ കൂട്ടുകെട്ടിന്റെ റഡാറിന്റെ കീഴിലാണ് ഗഡ്കരി. മോദിക്ക് പകരക്കാരനായി ഗഡ്കരി ദേശീയ നേതൃത്വത്തിലേക്ക് എത്തണമെന്ന ചർച്ച ഒരുകാലത്ത് സജീവമായിരുന്നു. മാത്രമല്ല, ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ നിതിൻ ഗഡ്കരിയുടെ പേരില്ലാത്തതും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഏറെ നാളത്തെ മൗനത്തിന് ശേഷമായിരുന്നു അദ്ദേഹം 2022ൽ പാർട്ടിയിലെ ‘യൂസ് ആൻഡ് ത്രോ’ രാഷ്ട്രീയത്തെക്കുറിച്ച് പ്രതികരിച്ചത്. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘അധികാരം പിടിച്ചടക്കുന്നതിനുള്ള ഒഴി വഴി മാത്രമായി രാഷ്ട്രീയം മാറുന്നു’. എന്നാൽ ഈ പ്രസ്താവനയ്ക്ക് ശേഷം ബിജെപി പാർലമെന്ററി ബോർഡിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ പദവിയിൽ എത്തിയ നേതാവ് കൂടിയാണ് നിതിൻ ഗഡ്കരി. മനസിൽ തോന്നുന്ന കാര്യം വെട്ടിത്തുറന്നു പറയുന്ന ഒരു പ്രകൃതക്കാരനാണ് ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പോലും ആ ശീലം തുടർന്നിരുന്നു. അതുകൊണ്ട് തന്നെ മോദി-ഷാ കൂട്ടുകെട്ടിന് പുറത്തായിരുന്നു ഗഡ്കരി. പാർട്ടിയിലെ ഗുജറാത്ത് ലോബിയോട് എന്നും എതിർപ്പ് പ്രകടിക്കാറുള്ള നേതാവാണ് അദ്ദേഹം. ബിജെപി-ആർഎസ്എസ് സംവിധാനത്തിന്റെ പൂർണ നിയന്ത്രണം മഹാരാഷ്ട്ര-ആർഎസ്എസ് ലോബിയിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് ലോബിയോടുള്ള സ്വാഭാവിക എതിർപ്പാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
വ്യവസായ പദ്ധതികളും സാമ്പത്തിക പദ്ധതികളും മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റുന്നത് മഹാരാഷ്ട്രയിലെ ഗുജറാത്തി ആധിപത്യത്തിന്റെ നേരിട്ടുള്ള ഫലമാണെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് വ്യവസായികളുടെ സമ്പത്ത് ഓരോ വർഷം വർദ്ധിക്കുന്നതും മഹാരാഷ്ട്രയിൽ അവർ വലിയ കരാറുകൾ നേടുകയും ചെയ്തതിന് ഇതിന് ഉദാഹരണമായി കാണുന്നു. രാജ്യത്തെ വിമാനത്താവളങ്ങളും വമ്പൻ ഫാക്ടറികളും ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്നവരുടെ കൈകളിലുമാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഗഡ്കരിക്ക് നൽകണമെന്ന ചർച്ച നടന്നപ്പോൾ ഇത് നിഷേധിക്കപ്പെട്ടതും ഈ കാരണങ്ങൾ കൊണ്ടാവാം. ഒരുപക്ഷേ, ഗഡ്കരിക്ക് മഹാരാഷ്ട്രയുടെ ആദ്യ നയങ്ങൾക്കായി വാദിക്കാനും മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേക്കുള്ള പണം ഒഴുക്ക് തടയാനും കഴിയുമായിരുന്നു. മോദിയുടെ ശത്രുക്കളെ അടുത്ത് നിർത്താനും മഹാരാഷ്ട്രയുടെ ഗുജറാത്തി സാമ്പത്തിക അധിനിവേശം സുഗമമാക്കാനുമാണ് അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉയർത്തിയതെന്നാണ് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്.
ബിജെപി കൈവിട്ടാലും ആർഎസ്എസ് വിടില്ല
ഒരു രാഷ്ട്രീയ നേതാവിനെക്കൂടാതെ വിജയിച്ച ഒരു ബിസിനസുകാരൻ കൂടിയാണ് ഗഡ്കരി. അതുകൊണ്ട് തന്നെ ആർഎസ്എസിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ് ഗഡ്കരിയാണെന്ന അഭ്യൂഹം നേരത്തെ ഉയർന്നതാണ്. അദ്ദേഹത്തിന് നേരെയുള്ള ആക്രമണം ആർഎസ്എസിന്റെ പോക്കറ്റിന് നേരെ നേരിട്ടുള്ള ആക്രമണമാണെന്ന് പലരും വിശ്വസിക്കുന്നു. ഈ ബന്ധത്തിന്റെ കൃത്യമായ വിശദാംശങ്ങൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടായ കാര്യമാണ്. എന്നാൽ ഗഡ്കരിയും ആർഎസ്എസും തമ്മിൽ ശക്തമായ സാമ്പത്തിക ബന്ധമുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്.
മോദി ഒഴിഞ്ഞുമാറിയില്ല
നിതിൻ ഗഡ്കരി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തതോടെ പൂർത്തിയാക്കിയ മിക്ക റോഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുടെയും ക്രെഡിറ്റ് ഏറ്റെടുക്കുന്നതിൽ നിന്ന് മോദി ഒഴിഞ്ഞുമാറിയിട്ടില്ല. ദേശീയ പാതകൾ മുതൽ പാലങ്ങൾ വരെ അതിവേഗത്തിൽ പൂർത്തിയാക്കിയത് ഗഡ്കരിയുടേതല്ല, മോദിയുടെ പ്രവർത്തനത്തിന്റെ ഭാഗമാണെന്നാണ് ബിജെപിയും വിശ്വസിക്കുന്നത്. ഗഡ്കരിയുടെ സത്യസന്ധതയെ കൂടുതൽ കളങ്കപ്പെടുത്താൻ, 2024 തിരഞ്ഞെടുപ്പിന് മുമ്പ് ഗഡ്കരിക്കെതിരെ കൺട്രോളർ ഓഡിറ്റർ ജനറലിനെയും (സിഎജി) അഴിച്ചുവിട്ടിരുന്നു. 18 കോടി രൂപയ്ക്ക് പകരം 250 കോടി രൂപയാണ് ദ്വാരക എക്‌സ്‌പ്രസ് വേയുടെ നിർമ്മാണത്തിന് ചെലവായതെന്ന് അവർ റിപ്പോർട്ട് ചെയ്തു.
തന്റെ മണ്ഡലത്തിൽ തന്നെ പിന്തുണയ്ക്കുന്ന വോട്ടർമാർ പട്ടികയിൽ നിന്നും അപ്രത്യക്ഷമായെന്നാണ് തിരഞ്ഞെടുപ്പ് റാലിയിൽ, നിതിൻ ഗഡ്കരി മുതിർന്ന മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനർത്ഥം അദ്ദേഹത്തിന് ലഭിക്കേണ്ട വോട്ടുകൾ നഷ്ടമാകും. ഇത് എതിർസ്ഥാനാർത്ഥിക്ക് ഏറെ ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമില്ല. പിന്നാലെ റാവത്ത് നടത്തിയ ആരോപണവും ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്. ഈ പറഞ്ഞതൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഇരു ക്യാമ്പുകൾ തമ്മിലുള്ള ശത്രുത വളരുമെന്ന കാര്യത്തിൽ സംശയമില്ല.
നിർണായക മത്സരം
ഗഡ്കരിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ഒരു വശത്ത്, അദ്ദേഹം തന്റെ അഭിമാനം പോലും നോക്കാതെ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ വാഗ്ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വർഗീയ പരാമർശങ്ങൾ പരമാവധി ഒഴിവാക്കി ഒരു ക്ലീൻ ഇമേജ് ഉണ്ടാക്കിയെടുക്കാൻ അദ്ദേഹം ശ്രമിച്ചു. അതിനിടെ, അദ്ദേഹം പാർട്ടിയിൽ സ്വന്തം സ്ഥാനാർത്ഥിത്വത്തിന്റെ വിത്ത് നിശബ്ദമായി പാകി, മോദി-ഷാ ജോഡിക്ക് പകരമായി മറ്റൊരു ശക്തി കേന്ദ്രം കെട്ടിപ്പടുക്കാൻ യോഗി ആദിത്യനാഥുമായും ആർഎസ്എസ് പിന്തുണയുള്ള മുതിർന്ന നേതാക്കളുമായും സഖ്യമുണ്ടാക്കിയെന്നും സൂചനയുണ്ട്. ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യോഗി ആദിത്യനാഥ് സജീവമായതും ഇതുകൊണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
യോഗി ആദിത്യനാഥ് തന്റെ നാഗ്പൂർ സന്ദർശന വേളയിൽ ഗഡ്കരിയുടെ വീട്ടിൽ പ്രത്യേക സന്ദർശനം നടത്തിയിരുന്നു. ഇത് മോദി-ഷായെ കൂടാതെ ബിജെപിക്കുള്ളിൽ ഒരു പുതിയ സഖ്യത്തിന്റെ ഉദയത്തിന്റെ സൂചന നൽകുകയാണ്. യോഗി ആദിത്യനാഥിനും സമാനമായ പരിഗണനയാണ് ഇരുവരും നൽകിയത്, അതിനാൽ മോദി-ഷാ ആധിപത്യത്തിനെതിരെ ഗഡ്കരിയുടെ സ്വാഭാവിക സഖ്യകക്ഷിയിൽ യോഗിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
ഇതിൽ, ഏറ്റവും അപകടം എന്താണെന്നാൽ, ജൂൺ നാലിന് ഫലം പുറത്തുവരുമ്പോൾ മോദി-ഷാ കൂട്ടുകെട്ട് നയിച്ച ബിജെപിക്ക്, ഹിന്ദി സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ഭൂരിപക്ഷം കുറഞ്ഞാൽ, ആർഎസ്എസിന്റെ ആശീർവാദത്തോടെ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ കൂട്ടുകെട്ടിന് പാർട്ടിയിൽ ഒരു അട്ടിമറി നടത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
Source link