കിംഗ് ഓഫ് യൂറോപ്പ്
ലണ്ടൻ: വെംബ്ലിയിൽ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടമുയർത്തി റയൽ മാഡ്രിഡ് കിംഗ് ഓഫ് യൂറോപ്പ് പട്ടം അരക്കിട്ടുറപ്പിച്ചു. ഫൈനലിൽ റയൽ 2-0ന് ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചു. ഇതോടെ റയൽ ചാന്പ്യൻസ് കപ്പുകളുടെ എണ്ണം 15 ആക്കി ഉയർത്തി. ഏഴു യൂറോപ്യൻ കിരീടങ്ങളുള്ള എസി മിലാനാണ് രണ്ടാമത്. ആദ്യ ഒരു മണിക്കൂറോളം ഡോർട്മുണ്ടിന് റയലിനെ ബുദ്ധിമുട്ടിക്കാനായി. പ്രത്യേകിച്ച് ആദ്യ പകുതിയിൽ മികച്ച അവസരങ്ങളാണ് ഡോർട്മുണ്ടിന് ലഭിച്ചത്. എന്നാൽ, കളി അവസാന മിനിറ്റുകളിലേക്ക് എത്തിത്തുടങ്ങിയപ്പോൾ റയൽ തനി സ്വഭാവം പുറത്തെടുത്തു. 74-ാം മിനിറ്റിൽ ഡാനി കർവാഹൽ ഹെഡറിലൂടെ റയലിനെ മുന്നിലെത്തിച്ചു. ഒന്പത് മിനിറ്റ് കഴിഞ്ഞ് വിനിഷ്യസ് ജൂണിയർ രണ്ടാം ഗോളും നേടിയ മത്സരവും കപ്പും സ്വന്തമാക്കി. കഴിഞ്ഞ പതിനൊന്നു സീസണിലായി ആറാം തവണയാണ് റയൽ യൂറോപ്പിന്റെ ചാന്പ്യൻമാരാകുന്നത്. യൂറോപ്പിലെ പ്രധാന കപ്പിനോടുള്ള റയലിന്റെ പ്രണയം ഈ ടൂർണമെന്റ് സ്ഥാപിതമായപ്പോൾ മുതൽ തുടങ്ങിയതാണ്. 1955-56 സീസണ് മുതൽ 1959-60 വരെ തുടർച്ചയായി അഞ്ചു തവണയാണ് യൂറോപ്യൻ കപ്പുയർത്തിയത്. പിന്നീട് 1965-66 സീസണിലും. യൂറോപ്യൻ ഫൈനലിൽ റയലിന്റെ തുടർച്ചയായ പത്താമത്തെ ജയമാണ്. 41 വർഷം മുന്പാണ് അവസാനമായി റയൽ ഫൈനലിൽ പരാജയപ്പെടുന്നത്. അന്ന 1982-83ൽ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലിൽ അലക്സ് ഫെർഗൂസന്റെ പരിശീലനത്തിനു കീഴിലെത്തിയ സ്കോട്ടിഷ് ക്ലബ് അബെർഡീനോടാണ് പരാജയപ്പെട്ടത്. റയലിന്റെ കിരീടം നേട്ടത്തോടെ പരിശീലകനായി കാർലോ ആൻസിലോട്ടിയുടെ പേരിൽ അഞ്ച് ചാന്പ്യൻസ് ലീഗ് കപ്പുകളായി. കളിക്കാരനെന്ന നിലയിൽ എസി മിലാനൊപ്പം രണ്ടു തവണ കപ്പ് നേടി. ആറ് ചാന്പ്യൻസ് ലീഗ് ടോണി ക്രൂസ്, കർവാഹൽ, നാച്ചോ, ലൂക്കാ മോഡ്രിച്ച് എന്നിവർ ആറ് ചാന്പ്യൻസ് ലീഗ് കപ്പുകളുമായി മുൻ റയൽ താരം ഫ്രാൻസിസ്കോ ജെന്റോയ്ക്കൊപ്പമെത്തി. ക്രൂസ് ബയേണ് മ്യൂണിക്കിനൊപ്പം ഒരു തവണ ജേതാവായി. ടോണി ജേതാവായി മടങ്ങി ക്രൂസ് ചാന്പ്യൻസ് ലീഗ് കിരീടത്തോടെ റയൽ മാഡ്രിഡിന്റെ ഇതിഹാസ കളിക്കാരിൽ ഒരാളായി കരിയറിനോട് വിടപറഞ്ഞു. ചാന്പ്യൻസ് ലീഗ് ഫൈനൽ ആണ് തന്റെ ക്ലബ് കരിയറിലെ അവസാന മത്സരമെന്ന് ജർമൻ താരം പ്രഖ്യാപിച്ചിരുന്നു. ഈ ഫൈനലോടെ ക്രൂസിന്റെ ചാന്പ്യൻസ് ലീഗ് മത്സരങ്ങളുടെ എണ്ണം 151 ആയി. ഇത്രതന്നെ മത്സരങ്ങൾ തോമസ് മ്യുള്ളറും കളിച്ചു. മത്സരത്തിൽ ക്രൂസിന്റെ അസിസ്റ്റിലാണ് ആദ്യ ഗോളെത്തിയത്. ക്രൂസ് വിരമിക്കൽ തീരുമാനം പിൻവലിച്ച് കളത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് താനും ക്ലബ്ബുമെന്ന് കാർലോ ആൻസിലോട്ടി പറഞ്ഞു.
Source link