കന്യാകുമാരി: ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നിന്ന് മടങ്ങി. ഉച്ചയോടെയാണ് അദ്ദേഹം 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കിയത്. തുടർന്ന് തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഗാന്ധിമണ്ഡപത്തിൽ നിന്ന് പുറപ്പെട്ട് ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് പോയി. സുരക്ഷാ ജീവനക്കാരും ഏതാനും പേഴ്സണൽ സ്റ്റാഫംഗങ്ങളും മാത്രമാണ് ഒപ്പമുള്ളത്.
തിരുവനന്തപുരത്ത് നിന്ന് ഉടൻ ഡൽഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിലെത്തിയത്. ഭൂമി വന്ദനം,സമുദ്രവന്ദനം, സന്ധ്യാവന്ദനം എന്നിവയും തുടർന്ന് വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥനയും പൂജയും നടത്തി. രാത്രി എട്ടുമണിയോടെ ധ്യാനം തുടങ്ങി.
പ്രതിഷ്ഠയ്ക്ക് മുന്നിൽ ഒരുക്കിയ പീഠത്തിൽ ഇരുന്നായിരുന്നു ധ്യാനം. പിന്നീട് ഉറങ്ങാനായി ഒരുക്കിയ മുറിയിലേക്ക് പോയി. ഇന്നലെ രാവിലെ സൂര്യവന്ദനം,108 ഗായത്രി ജപം യോഗ എന്നിവയ്ക്ക് ശേഷം പ്രഭാത ഭക്ഷണം കഴിച്ചു. പിന്നെയായിരുന്നു ധ്യാനം. 45മണിക്കൂർ ധ്യാനം എന്നത് ഊണും ഉറക്കവും ഉപേക്ഷിച്ച് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാതെയുള്ള തപസല്ല. ഈ സമയത്ത് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ധ്യാനം മാത്രം. കഴിക്കുന്നത് പഴങ്ങളും വെള്ളവും പഞ്ചഗവ്യവും കരിക്കിൻ വെള്ളവും.
അദ്ദേഹം ആരുമായും സംസാരിച്ചില്ല. ആരേയും ശ്രദ്ധിച്ചില്ല. ചിന്തയിലും ജപത്തിലും മാത്രമായിരുന്നു. കനത്ത സുരക്ഷാകവചമാണ് വിവേകാനന്ദപാറയിൽ ഒരുക്കിയിരുന്നത്. നേവിയുടേയും എസ് പി ജിയുടേയും വ്യോമസേനയുടേയും സുരക്ഷയുണ്ടായിരുന്നു.
വിവേനന്ദകേന്ദ്രത്തിലേക്ക് ആരേയും കടത്തിവിട്ടില്ല. ആരും പുറത്തേക്കും പോയില്ല.വിവേകാനന്ദ കേന്ദ്രത്തിലേക്കുള്ള കവാടമായ വാവാതുറൈ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
Source link