ഉറപ്പോടെ നരേന്ദ്ര മോദി: മൂന്നാം ഭരണത്തിന് 100ദിന പദ്ധതി, കർമ്മപരിപാടി നടപ്പാക്കാൻ 10 ഉന്നതസംഘം
ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിൽ മോദി തരംഗമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ, പുതിയ സർക്കാരിന്റെ 100 ദിന കർമ്മപരിപാടിക്ക് അന്തിമരൂപം നൽകി.വിവേകാനന്ദ പാറയിലെ ധ്യാനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മോദി ആദ്യമായി ചർച്ചയ്ക്കെടുത്തതും 100 ദിന കർമ്മപരിപാടികളാണ്.
ഇന്നലെ 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലാണ് രാജ്യത്തിന്റെ ഭാവിക്ക് സുപ്രധാന വഴിത്തിരിവാകുമെന്ന് കരുതുന്ന നൂറുദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട് നിർണായക യോഗം ചേർന്നത്.ആദ്യ 100 ദിനത്തിൽതന്നെ മികച്ചതും കടുത്തതുമായ തീരുമാനങ്ങൾ പ്രഖ്യാപിക്കാനാണ് നീക്കം.
വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മോദി ആശയവിനിമയം നടത്തി. സെക്രട്ടറിതലത്തിലെ ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന 10 ഉന്നതതല ഗ്രൂപ്പുകൾക്കാണ് (സെക്ടറൽ ഗ്രൂപ്പ് ഒഫ് സെക്രട്ടറീസ്) നടപ്പാക്കൽ ചുമതല.
പുതിയ കരസേനാ മേധാവിയെയും ഐ.ബി ഡയറക്ടറെയും ഈ മാസം നിയമിക്കേണ്ടതുണ്ട്.
പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാൻ മാർച്ച് മൂന്നിന് മോദി നിർദ്ദേശം നൽകിയിരുന്നു. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ കേന്ദ്ര മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ചചെയ്തു. ഇതിന്റെ തുടർച്ചയാണ് ഇന്നലത്തെ ഉന്നതതല യോഗം. ഏഴു യോഗങ്ങളിലാണ് മോദി ഇന്നലെ പങ്കെടുത്തത്. ജൂൺ അഞ്ചിലെ ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിക്കാനും പദ്ധതി തയ്യാറാക്കി.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിലേക്ക്
1.കർമ്മപരിപാടിയുടെ അജൻഡയിൽ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നടപ്പാക്കൽ ഉൾപ്പെടെയുണ്ടെന്നാണ് വിവരം. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനായി നടപടികൾക്ക് തുടക്കമിട്ടേക്കും
2. ഉദ്യോഗസ്ഥതലത്തിലെ സ്ഥാനക്കയറ്റത്തിന് ‘കർമ്മയോഗി ടാലന്റ് ബാങ്ക്’ രൂപീകരിക്കും. പ്രതിരോധ രംഗത്ത് തദ്ദേശീയ നിർമ്മാണ യൂണിറ്റുകൾ പ്രഖ്യാപിക്കും
വികസനത്തിന്റെ ബ്ളൂ പ്രിന്റ്
2047ൽ വികസിത ഭാരതമെന്ന സ്വപ്നം ലക്ഷ്യമിട്ടുള്ള വിഷൻ ഡോക്യുമെന്റും ചർച്ചയായി. വികസനത്തിന്റെ ബ്ലൂ പ്രിന്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സമഗ്ര ബ്ലൂ പ്രിന്റിൽ എല്ലാ മേഖലയിലെയും വികസനത്തെ കുറിച്ച് തെളിമയാർന്ന ദർശനമെന്നാണ് യോഗത്തിലെ വിലയിരുത്തൽ. സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം,
ജനജീവിതവും വാണിജ്യവും അനായാസമാക്കാനുള്ള പദ്ധതികൾ, അടിസ്ഥാനസൗകര്യ വികസനം,
സാമൂഹ്യക്ഷേമം എന്നിവയാണ് ലക്ഷ്യം.
Source link