സ്വന്തം കുട്ടികൾ യാത്ര ചെയ്യുന്ന സ്കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം, രക്ഷിതാക്കൾ കാത്തിരുന്ന മാറ്റം വന്നെത്തി

തിരുവനന്തപുരം: വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ സ്‌കൂൾ വാഹനങ്ങളിൽ അയക്കുന്ന രക്ഷിതാക്കൾക്ക് ഒരു സന്തോഷവാർത്തയുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് നാളെ സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ചാണിത്. ഇനി മുതൽ രക്ഷിതാക്കൾക്ക് ജിപിഎസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനത്തിന്റെ വിവരങ്ങൾ അറിയാൻ സാധിക്കും. ഇതിനായി ‘വിദ്യാ വാഹൻ’ എന്ന ആപ്പാണ് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾ

1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.

2. റജിസ്റ്റേർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.

3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.

4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.

5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.

6. ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.

7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ ലൊക്കേഷൻ, എത്തിച്ചേരുന്ന സമയം എന്നിവ മോട്ടോർ വാഹന വകുപ്പിനും/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം.

8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തരം വിളിക്കാം.

9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.

10. കൃത്യമായ വിവരം കിട്ടുന്നില്ലെങ്കിൽ റിഫ്രഷ് ബട്ടൺ അമർത്തുക.

11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.

12. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.

14. ഈ ആപ്പ് സേവനം തികച്ചും സൗജന്യമാണ്.


Source link

Exit mobile version