കേരളം പാഴാക്കിയതോടെ കേന്ദ്രം എല്ലാം വെട്ടിക്കുറച്ചു: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണത്തിൽ പ്രതിസന്ധി
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ കൃത്യസമയത്ത് ഉപയോഗിക്കാതെ കേരളം പാഴാക്കിയതിനാൽ മണ്ണെണ്ണ വിഹിതം പതിവിലുമേറെ കേന്ദ്രം വെട്ടിക്കുറച്ചു. 2023 ഡിസംബറിൽ അനുവദിച്ച വിഹിതമാണ് യഥാസമയം ഏറ്റെടുത്ത് വിതരണംചെയ്യുന്നതിൽ സംസ്ഥാനം വീഴ്ചവരുത്തിയത്. ഇപ്പോൾ ലഭിച്ച മണ്ണെണ്ണ മുൻഗണനാവിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് 3 മാസത്തിലൊരിക്കൽ കാൽ ലീറ്റർ വീതം നൽകാനേ തികയൂ.
മഞ്ഞ കാർഡുകൾക്ക് ഒരു ലിറ്ററും പിങ്ക് കാർഡുകൾക്ക് അര ലിറ്ററുമാണ് ലഭിച്ചിരുന്നത്. വിഹിതം കുറഞ്ഞതോടെ മണ്ണെണ്ണ വിതരണത്തിനെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് റേഷൻ കടയുടമകളുടെ സംഘടനകൾ പൊതുവിതരണ വകുപ്പിന് കത്തുനൽകി. കുറഞ്ഞ വിഹിതമെടുക്കുമ്പോഴും കൈകാര്യച്ചെലവ് കുറയാത്തതാണ് വ്യാപാരികളുടെ എതിർപ്പിനു പ്രധാന കാരണം.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ വിഹിതത്തിൽ 1164 കിലോലിറ്ററിന്റെ (11.64 ലക്ഷം ലിറ്റർ) കുറവാണ് വരുത്തിയതെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന് അയച്ച കത്തിൽ വ്യക്തമാക്കി.
മുൻ വർഷം 1944 കിലോ ലിറ്ററായിരുന്നു (19.44 ലക്ഷം ലിറ്റർ) ത്രൈമാസ വിഹിതം. 2023 ഡിസംബറിൽ അനുവദിച്ച വിഹിതം ഏറ്റെടുക്കാനും വിതരണം ചെയ്യാനും വൈകിയതോടെ 13.36 ലക്ഷം ലിറ്റർ മണ്ണെണ്ണ ഈ വർഷം ഫെബ്രുവരി അവസാനവും റേഷൻ കടകളിൽ ശേഷിച്ചു. 60,000 ലിറ്റർ വിതരണം ചെയ്യാതെ പാഴാക്കിയ ഇടുക്കിയാണ് മുൻപന്തിയിൽ.
ജില്ലയിലെ പ്രധാന ഡീലറായ സപ്ലൈകോ 36,000 ലീറ്ററും ഒരു എണ്ണക്കമ്പനി ഡീലർ 24,000 ലിറ്ററും ഏറ്റെടുത്തില്ല. മണ്ണെണ്ണ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും വിഹിതം കുറയ്ക്കും. മുൻ വർഷത്തെ വിറ്റഴിക്കൽ കൂടി കണക്കിലെടുത്താണ് ഇതു നിശ്ചയിക്കുന്നത്. റേഷൻ വ്യാപാരികൾ നിസഹകരിക്കുമെന്നായതോടെ തിരഞ്ഞെടുത്ത കടകളിലൂടെ മണ്ണെണ്ണ വിതരണം നടത്താനാണ് പൊതുവിതരണ വകുപ്പിന്റെ ശ്രമം.
Source link