ആര് വാഴും ആര് വീഴും… മുൾമുനയിൽ മുന്നണികൾ

കോഴിക്കോട്: ലോക്‌സഭാ ഫലം വരാൻ രണ്ടുദിവസം ശേഷിക്കെ, കേരളത്തിലെ ഇടത്-വലത് മുന്നണികൾക്കും എൻ.ഡി.എയെ നയിക്കുന്ന ബി.ജെ.പിക്കും നെഞ്ചിടിപ്പ്. ചരിത്രം തിരുത്തി രണ്ടാം തവണയും കേരളം ഭരിക്കുന്ന ഇടതുമുന്നണി 5 -8 സീറ്റ് വരെയാണ് അവകാശപ്പെടുന്നത്. എങ്കിലും കഴിഞ്ഞ തവണത്തെ ഏക സീറ്റായ ആലപ്പുഴയും നഷ്ടമാവുമോ എന്ന് സി.പി.എമ്മിന് പേടിയുണ്ട്. കേരള കോൺഗ്രസ് മാണി മുന്നണി വിട്ടപ്പോൾ കൂടെപ്പോയ ഒരു സീറ്റൊഴിച്ചാൽ 18 ഉം നിലനിറുത്താനാവുമോ എന്ന് കോൺഗ്രസിനും ഉത്ക്കണ്ഠ. മോദി ഉൾപ്പെടെ പ്രചാരണം നടത്തിയിട്ടും ഒരു സീറ്റും കിട്ടാതാവുമോയെന്ന് ബി.ജെ.പിക്കും പേടി.

പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിൽ ഭിന്നത

2019ൽ 19 സീറ്റും പിടിച്ചെടുത്ത യു.ഡി.എഫ് തരംഗത്തിൽ സി.പി.എമ്മിന് ഏക ആശ്വാസം ആലപ്പുഴയായിരുന്നു. പാർട്ടിയുടെ യുവ പോരാളി എ.എം.ആരിഫാണ് ജയിച്ചത്. ഇത്തവണ അവിടെയും എളുപ്പമല്ലെന്ന് സി.പി.എമ്മിനും അറിയാം. എതിരാളി കോൺഗ്രസിലെ കെ.സി.വേണുഗോപാലാണ്. എൻ.ഡി.എയുടെ ശോഭാ സുരേന്ദ്രൻ കൂടിയാവുമ്പോൾ ജീവൻമരണ പോരാട്ടം.

ഒരു സീറ്റും കിട്ടിയില്ലെങ്കിൽ പാർട്ടിയിലെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ ഭിന്നസ്വരം ഉയരാനിടയാകും. കുറേക്കാലമായി വിഭാഗീയത ഇല്ലാത്ത സി.പി.എമ്മിൽ വി.എസിനെപ്പോലെ തുറന്നടിക്കാൻ ഇപ്പോഴത്തെ നേതാക്കൾ മുതിർന്നിട്ടില്ല. തിരഞ്ഞെടുപ്പ് തിരിച്ചടിച്ചാൽ ആ സ്ഥിതി മാറിയേക്കും. ഭരണവിരുദ്ധവികാരം ശക്തമെന്ന് അംഗീകരിക്കേണ്ടിയുംവരും. വടകരയിൽ കെ.കെ.ശൈലജയെ ഇറക്കിയിട്ടും ഒഞ്ചിയം ഉൾപ്പെടുന്ന മണ്ണ് തിരിച്ചുപിടിച്ചില്ലെങ്കിൽ മലബാറിലെ പാർട്ടിക്ക് ക്ഷീണമാവും.

ലീഗിന് പേടിയില്ല,

കോൺഗ്രസ് വിയർക്കുന്നു

പൊന്നാനിയും മലപ്പുറവും ലീഗിനെ കൈവിടില്ല. കഴിഞ്ഞ തവണത്തെ വോട്ട് കിട്ടിയില്ലെങ്കിൽ കൂടെപ്പിറപ്പായ സമസ്ത കാലുവാരിയോ എന്നതിൽ തീരുമാനമാവും. അതൊരു തീരാത്തർക്കവുമാവും. കോൺഗ്രസിനാകട്ടെ, ഉമ്മൻചാണ്ടിയുടെ അഭാവവും എ.കെ.ആന്റണിക്കും വയലാർ രവിക്കും ഇറങ്ങാൻ പറ്റാത്തതും പ്രതിസന്ധിയായിരുന്നു. ആ പഴുതിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ സ്വന്തം നാട്ടിൽ മത്സരിക്കാൻ തളച്ചിട്ട വി.ഡി. സതീശന്റെ തേരോട്ടമായിരുന്നു. എൽ.ഡി.എഫ് ഒന്നിലേറെ സീറ്റുകൾ പിടിച്ചാൽ സതീശൻ – സുധാകരൻ തർക്കം കോൺഗ്രസിനെ ഇളക്കിമറിക്കും.

ഒന്നെങ്കിലും കിട്ടിയില്ലെങ്കിൽ

ബി.ജെ.പിക്കും പ്രശ്നം

തൃശൂർ സുരേഷ്‌ഗോപി അങ്ങെടുത്താൽ ബി.ജെ.പിക്ക് ആശ്വാസമാവും. എങ്കിലും പ്രതീക്ഷിക്കുന്ന മൂന്നു സീറ്റിലും ജയിക്കുകയോ രണ്ടാംസ്ഥാനത്ത് എത്തുകയോ ചെയ്തില്ലെങ്കിൽ കേരള ഘടകത്തിൽ അഴിച്ചുപണി വരും. മോദി പ്രചാരണരംഗത്ത് മുമ്പത്തേക്കാൾ തിളങ്ങിയതാണ്. മോദി ഇഫക്ട് ഫലിച്ചില്ലെങ്കിൽ തീരാക്കളങ്കമാവുമെന്ന് നേതാക്കൾ ഭയപ്പെടുന്നു. തൃശൂരും തിരുവനന്തപുരവും ആറ്റിങ്ങലും ജയിക്കുമെന്ന് പറയുമ്പോൾ ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ടാം സ്ഥാനമാണ് പ്രതീക്ഷ. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കോട്ടയത്തും വോട്ടിൽ വൻ വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്. പാർട്ടിയുടെ മൊത്തം വോട്ട് കൂടുമെന്നുതന്നെ നേതാക്കൾ വിശ്വസിക്കുന്നു.


Source link
Exit mobile version