കൊടുങ്ങല്ലൂർ : ടൂറിസം- മത്സ്യ മേഖലകളിലെ കുതിപ്പിന് ചാലക ശക്തിയാകുന്ന അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമ്മാണം അതിവേഗത്തിൽ. പൈൽ ലോഡ് ടെസ്റ്റ് പൂർത്തിയാക്കി. 2025ൽ പണി പൂർത്തിയാക്കി പാലം നാടിനായി തുറന്നു കൊടുക്കുന്നതോടെ തീരദേശത്ത് മാറ്റത്തിന്റെ കാറ്റ് വീശും. അഴിമുഖം ഉൾപ്പെടെയുള്ള പ്രകൃതി സൗന്ദര്യം ജനങ്ങൾക്ക് ആസ്വദിക്കാനാകുംവിധമാണ് പാലത്തിന്റെ രൂപകൽപ്പന. മുനമ്പം ഹാർബർ, അഴീക്കോട് ജെട്ടി എന്നിവിടങ്ങളിൽ മത്സ്യവ്യാപാരവും വർദ്ധിക്കും. 1123.35 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. കിഫ്ബിയാണ് പണം അനുവദിച്ചത്.
നിലവിൽ അഴീക്കോട് ഭാഗത്തെ പൈലിംഗ് പ്രവൃത്തികൾ പൂർത്തിയാക്കി. തൂണുകളുടെയും സ്ലാബുകളുടെയും നിർമാണ പ്രവൃത്തികൾ വേഗത്തിൽ നടക്കുകയാണ്. കായൽ ഭാഗത്തെയും പൈലിംഗ് പ്രവൃത്തികളിൽ 50% പൂർത്തീകരിച്ചു. ബാക്കിയുള്ളതിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
ആകെ 196 പൈലുകളിൽ 101 എണ്ണം പൂർത്തിയാക്കി. 34 പൈൽ ക്യാപുകളിൽ 9 എണ്ണത്തിന്റെയും, 55 തൂണുകളിൽ 16 എണ്ണത്തിന്റെയും നിർമാണം പൂർത്തിയാക്കി. പുഴയിലെ പൈലുകളിൽ ബലപരിശോധന നടത്തുന്നതിന്റെ ഭാഗമായി അത്യാധുനിക രീതിയിലുള്ള ഹൈ സ്‌ട്രെയിൻ ഡൈനാമിക് പൈൽ ലോഡ് ടെസ്റ്റാണ് ഇപ്പോൾ നടത്തിയത്. പൈലുകളുടെ ക്ഷമത കൂടുതൽ ഉറപ്പ് വരുത്താനും സമയ ലാഭവും കണക്കിലെടുത്താണ് പരമ്പരാഗത രീതിയിലുള്ള സ്റ്റാറ്റിക് ലോഡ് ടെസ്റ്റിന് പകരം ഈ രീതി അവലംബിച്ചത്.
ഓരോ പൈലിനും വഹിക്കേണ്ടതായി കണക്കാക്കപ്പെട്ട ഭാരത്തിന്റെ ഇരട്ടി ഭാരം ചെലുത്തിയാണ് ഈ ടെസ്റ്റ് നടത്തിയത്.
Source link