വാഷിംഗ്ടൺ ഡിസി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ക്ഷണം. ഗാസ യുദ്ധത്തിന്റെ പേരിൽ വിമർശനം നേരിടുന്പോഴും ഇസ്രയേലിനുള്ള അമേരിക്കൻ പിന്തുണയിൽ ഇളക്കമില്ലെന്നു വ്യക്തമാക്കാനാണിത്. ഭരണ-പ്രതിപക്ഷ നേതാക്കൾ നടപടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് ഇസ്രയേലിനോടുള്ള ഐക്യദാർഢ്യം വെളിപ്പെടുത്താനാണ് നെതന്യാഹുവിനെ ക്ഷണിച്ചതെന്ന് ഹൗസ് സ്പീക്കറും പ്രതിപക്ഷ റിപ്പബ്ലിക്കൻ നേതാവുമായ മൈക് ജോൺസൺ പറഞ്ഞു. സെനറ്റിലെ ഭൂരിപക്ഷ നേതാവും ഭരണപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ചക് ഷൂമറും ക്ഷണത്തിൽ ഒപ്പുവച്ചിട്ടുണ്ട്. അതേസമയം, നെതന്യാഹു അമേരിക്ക സന്ദർശിക്കുന്നതിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണിത്. ഗാസ യുദ്ധത്തിൽ ഇസ്രയേലിന്റെ രീതികളെ വിമർശിക്കുന്നുണ്ടെങ്കിലും സ്വയം പ്രതിരോധത്തിന് ഇസ്രയേലിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ചിരിക്കുന്നത്.
Source link