പാരീസ്: ജൂലൈ 26ന് പാരീസിൽ ആരംഭിക്കുന്ന ഒളിന്പിക്സിന്റെ ഫുട്ബോൾ മത്സരവേദിയായ സെന്റ് സ്റ്റീഫനിലെ ഷോഫ്റോയ്-ഗ്വിഷാർ സ്റ്റേഡിയത്തിൽ ഭീകരാക്രമണം നടത്താൻ പ്ലാൻ ചെയ്ത 18കാരനായ ചെച്ചൻ ഇസ്ലാമിക തീവ്രവാദിയെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാണികളെയും സുരക്ഷാഭടന്മാരെയും കൊന്ന് രക്തസാക്ഷിയായി മരിക്കുകയായിരുന്നു ഭീകരന്റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഒരു കോടി സന്ദർശകരെയും പതിനായിരം അത്ലറ്റുകളെയും പ്രതീക്ഷിക്കുന്ന ഒളിന്പിക്സിന് സുരക്ഷയൊരുക്കുന്നതിന് ഫ്രാൻസ് വന്പിച്ച മുൻഗണനയാണു കൊടുക്കുന്നത്. മുൻവർഷങ്ങളിൽ ഫ്രാൻസിൽ നിരവധി ഇസ്ലാമിക ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഏറ്റവും വലിയ ആക്രമണം 2015 നവംബർ 13ന് പാരീസിൽ 130 പേരുടെ മരണത്തിനിടയാക്കിയ സംഭവമാണ്. യുക്രെയ്ൻ, ഗാസാ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒളിന്പിക്സിൽ അസ്വസ്ഥതകൾ പൊട്ടിപ്പുറപ്പെടാമെന്ന് സെക്യൂരിറ്റി വിദഗ്ധർ കണക്കുകൂട്ടുന്നു.
Source link