തിരുവനന്തപുരം:പൊലീസിൽ 800പേർ ഇന്നലെയോടെ വിരമിച്ചെങ്കിലും ജൂൺ വരെയുള്ള ഒഴിവുകളിൽ മുൻകൂറായി നിയമനം നടത്തിയതിനാൽ, അയ്യായിരത്തോളം പേരുള്ള നിലവിലെ റാങ്ക്‌ലിസ്റ്റിൽ നിന്ന് ഉടനടി നിയമനം അസാദ്ധ്യമാണ്. പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 5635 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായും 5279 നിയമന ശുപാർശകൾ ലഭിച്ചെന്നും മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു.
പുരുഷവിഭാഗത്തിൽ-4325, വനിതകളിൽ -744, പട്ടിക വിഭാഗത്തിൽ-557ഒഴിവുകളാണ് പി.എസ്.സിയെ അറിയിച്ചത്. പട്ടികവർഗ്ഗ പ്രാതിനിദ്ധ്യക്കുറവ് പരിഹരിക്കാനുള്ള-396, മുൻ റിക്രൂട്ട്മെന്റിലെ 31ഒഴിവ് അടക്കമാണിത്. 200വനിതാ പൊലീസുൾപ്പെടെ 1400താത്കാലിക തസ്തികകൾ 2023സെപ്തംബറിൽ സൃഷ്ടിച്ചിരുന്നു. ഇതിലൂടെ 2024ജൂൺ വരെയുണ്ടാകാവുന്ന ഒഴിവുകൾ മുൻകൂറായി പി.എസ്.സിയെ അറിയിക്കുകയായിരുന്നു. ഇതിനുപുറമെ സൈബർ ഡിവിഷനിലെ 155ഒഴിവുകളിലും നിയമനമായി.
റിപ്പോർട്ട് ചെയ്തതിൽ 50വനിതകളടക്കം 356തസ്തികകളിലേക്ക് നിയമനമായി. 1400താത്കാലിക തസ്തികകൾക്ക് പുറമെ 613ഇൻസ്ട്രക്ടർ തസ്തികകൾക്കും സർക്കാർ തുടർച്ചാനുമതി നൽകിയിട്ടുണ്ട്.
സായുധസേനാ ബറ്റാലിയൻ, സിവിൽ പൊലീസ് എന്നിങ്ങനെ രണ്ട് കേഡറുകളുണ്ട് . സിവിൽ പൊലീസിൽ സി.പി.ഒ തസ്തികയിലെ ഒഴിവുകൾ ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾമാരിൽ നിന്ന് ബൈട്രാൻസ്ഫർ വഴിയാണ് നികത്തുന്നത്. തുടർന്ന് ബറ്റാലിയനുകളിലുണ്ടാവുന്ന കോൺസ്റ്റബിൾ ഒഴിവുകളിലേക്കാണ് പി.എസ്.സി വഴി നിയമനം നടത്തുന്നത്. 5000പേരുള്ള റാങ്ക്‌ലിസ്റ്റിൽ നിന്ന് 7 ബറ്റാലിയനുകളിലേക്കാണ് നിയമനം.
താത്കാലിക നിയമനം വരുന്ന വഴി
1.റിക്രൂട്ട് ചെയ്യപ്പെട്ട എല്ലാവരെയും കോൺസ്റ്റബിൾമാരായി നിയമിക്കാനും ഒഴിവുകൾ പൂർണമായി നികത്താനും കഴിയാതെ വരുന്നതായി ഡി.ജി.പി സർക്കാരിനെ അറിയിച്ചതിനെത്തുടർന്നാണ് താത്കാലിക തസ്തികകൾ സൃഷ്ടിച്ച് മുൻകൂറായുള്ള നിയമനം.
പി.എസ്.സി നിയമനശുപാർശ നൽകുന്നവരിൽ മെഡിക്കൽടെസ്റ്റിൽ യോഗ്യത നേടാത്തവരും ക്രിമിനൽ കേസുകളിൽ പ്രതികളായതിനാൽ ക്ലിയറൻസ് ലഭിക്കാത്തവരെയും ഒഴിവാക്കേണ്ടിവരും. ഇങ്ങനെ ഒഴിയുന്ന തസ്തികകൾ ഉടൻ നികത്താനാവില്ല.ഇതാണ് ഒരു കാരണം.
പരിശീലനത്തിന്റെ കാഠിന്യവും ദൈർഘ്യവും കാരണം നിരവധിപേർ പരിശീലനം പൂർത്തിയാക്കില്ല. പരിശീലനം പൂർത്തിയാക്കിയവർ മറ്റ് ജോലികൾ ലഭിക്കുമ്പോൾ പൊലീസ് ജോലി ഉപേക്ഷിക്കുന്നുമുണ്ട്. വനിതകൾ ഗർഭാവസ്ഥയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കാരണവും ജോലി ഉപേക്ഷിക്കുന്നു.അപ്പോഴും ഒഴിവുകൾ ബാക്കി.
13,975 -കഴിഞ്ഞ കോൺസ്റ്റബിൾ റാങ്ക്പട്ടികയിലുണ്ടായിരുന്നവർ
4029 – നിയമനം കിട്ടിയവർ
വനിത - പുരുഷ പൊലീസ് സംയുക്ത പാസിംഗ് ഔട്ട് നാളെ
തൃശൂർ: പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ ആംഡ് വനിതാ പൊലീസ് ബറ്റാലിയൻ 19 എ ബാച്ചിലെ 291 വനിതകളുടെയും, കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ 2023 ഒന്നാം ബാച്ച് 158 പുരുഷൻമാരുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ നടക്കും.
വൈകിട്ട് മൂന്നിന് പൊലീസ് അക്കാഡമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. പരിശീലനത്തിൽ മികച്ച പ്രകടനം നടത്തിയവർക്ക് മുഖ്യമന്ത്രി ട്രോഫി നൽകും. ഡി.ജി.പി ഡോ.ഷെയ്ക് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ എം.ആർ. അജിത് കുമാർ, എ.ഡി.ജി.പി പി. വിജയൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം, നകുൽ രാജേന്ദ്രദേശ് മുഖ്, ബോബി കുര്യൻ എന്നിവരും പങ്കെടുക്കും.
Source link