സംസ്ഥാനത്ത് മൂന്നിടത്ത് റെഡ് അലർട്ട്, രണ്ട് ചക്രവാതച്ചുഴിയും ശക്തമായ പടിഞ്ഞാറൻ കാറ്റും; ഏഴ് ദിവസം മഴ കടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. മറ്റൊരു ചക്രവാതച്ചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപക മഴ ലഭിക്കുക.
റെഡ് അലർട്ട്
01-06-2024 : തൃശൂർ, മലപ്പുറം, കോഴിക്കോട്
ഓറഞ്ച് അലർട്ട്
01-06-2024: ഇടുക്കി, പാലക്കാട്, വയനാട്.
02-06-2024: ഇടുക്കി, കോഴിക്കോട്, വയനാട്.
05-06-2024: എറണാകുളം, ഇടുക്കി
മഞ്ഞ അലർട്ട്
01-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്
02-06-2024: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്
03-06-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04-06-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
05-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
അടുത്ത മൂന്ന് മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന തൃശൂരിൽ കനത്ത മഴ തുടരുകയാണ്. ഇടിമിന്നലിൽ ജില്ലയിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കുറുമാൽ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശൻ (50), വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.
തൃശൂർ ജില്ലയിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തൃശൂർ ഒല്ലൂരിനും പുതുക്കാടിനുമിടയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അശ്വനി ആശുപത്രിയിൽ വെള്ളം കയറിയതോടെ രോഗികൾ ദുരിതത്തിലായി. തൃശൂൻ ശക്തൻറോഡിലും ഇരിങ്ങാലക്കുട, പൂതംകുളം ജംഗ്ഷൻ, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ശങ്കരയ്യ റോഡ്, മുണ്ടൂപാലം, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിലും വെള്ളംകയറി.
Source link