KERALAMLATEST NEWS

വെള്ളായണി കുളത്തിൽ കുട്ടികൾ മുങ്ങിമരിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: വ്യാഴാഴ്ച വൈകിട്ട് രണ്ടു കുട്ടികൾ മുങ്ങി മരിച്ച വെള്ളായണി പറക്കാട്ട് കുളത്തിന്റെ നവീകരണ ജോലികൾ അശാസ്ത്രീയത പരിഹരിക്കുന്നത് വരെ നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ നഗരസഭാ സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടി. സംഭവത്തിൽ കമ്മിഷൻ കേസെടുത്തു.

രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മിഷൻ ആക്റ്റിംഗ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജൂൺ 28ന് കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

വേനൽ കാലത്ത് വെള്ളം സംഭരിക്കാനെന്ന പേരിൽ കുളത്തിനുള്ളിൽ നിർമ്മിച്ചിരുന്ന കിണറിൽ അകപ്പെട്ടതു കാരണമാകാം നീന്താനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചതെന്നും പരാതിയിൽ പറയുന്നു. ഏറെ നാളായി ഉപയോഗ ശൂന്യമായി കിടന്ന കിണർ അടുത്ത കാലത്താണ് നവീകരിക്കാൻ ആരംഭിച്ചത്. കുളം നവീകരിക്കുമ്പോൾ അതിലെ അപകടസാദ്ധ്യത ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും പരാതിയിൽ പറയുന്നു.

കുളത്തിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിച്ച ശേഷം മാത്രം നവീകരണ ജോലികൾ തുടരണമെന്നാണ് ആവശ്യം. നിർദ്ധന കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്. കുളത്തിനുള്ളിൽ കിണർ നിലനിർത്തി അപകടം ക്ഷണിച്ചുവരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നൽകണമെന്നും പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം ആവശ്യപ്പെട്ടു. നവീകരണ ജോലികൾ നടക്കുന്ന കുളത്തിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് സ്ഥാപിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു.

നല്ലാണിക്കൽ കടയിൽ വീട്ടിൽ നജീമിന്റെയും മെഹറിന്റെയും മകൻ മുഹമ്മദ് ബിലാൽ (15),അയൽക്കാരനായ ഷഫീഖ് മൻസിലിൽ ഷഫീക്കിന്റെയും റസീനയുടെയും മകൻ മുഹമ്മദ് ഇഹ്സാൻ (15) എന്നിവരാണ് മരിച്ചത്. നേമം വിക്ടറി ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളാണ് ഇവർ.


Source link

Related Articles

Back to top button