കപ്പൽ മുങ്ങുമ്പോഴും ഇരുന്നു വയലിൻ വായിക്കുന്നു, ടൈറ്റാനിക് ബോറൻ സിനിമ: വ്ലോഗർമാരെ ട്രോൾ ചെയ്ത് നടൻ പ്രദീപ് | Pradeep Balan Roast
കപ്പൽ മുങ്ങുമ്പോഴും ഇരുന്നു വയലിൻ വായിക്കുന്നു, ടൈറ്റാനിക് ബോറൻ സിനിമ: വ്ലോഗർമാരെ ട്രോൾ ചെയ്ത് നടൻ പ്രദീപ്
മനോരമ ലേഖകൻ
Published: June 01 , 2024 02:25 PM IST
1 minute Read
പ്രദീപ് ബാലൻ
യൂട്യൂബിലൂടെ സിനിമകളെ മോശം പറയുന്ന വ്ലോഗർമാരെ ട്രോൾ ചെയ്ത് നടൻ പ്രദീപ് ബാലൻ. ‘ടൈറ്റാനിക്’ എന്ന വിഖ്യാത സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് പ്രദീപിന്റെ ട്രോൾ വിഡിയോ. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സിനിമയെ തകർക്കാൻ ലക്‌ഷ്യം വച്ചുകൊണ്ട് ചിലർ ചെയ്യുന്ന സിനിമാ റിവ്യൂ ചർച്ചകളിലേക്കും നിയമ പോരാട്ടങ്ങളിലേക്കും നീങ്ങുന്നതിനിടെ പ്രദീപിന്റെ രസകരമായ അവതരണം കാണുന്നവരെയും രസിപ്പിക്കുന്നു.
പ്രദീപ് ബാലൻ തന്റെ വിഡിയോയിൽ ടൈറ്റാനിക്കിനെ വിമർശിക്കുന്നത് ഇങ്ങനെ. ‘‘വളരെ ശോകമായ ഒരു സിനിമയാണ് ടൈറ്റാനിക്. ചങ്ങമ്പുഴയുടെ കാലം മുതൽ പറഞ്ഞു പഴകിയ ദരിദ്രനായ നായകനും സമ്പന്നയായ നായികയുമാണ് ടൈറ്റാനിക്കിലെ കഥാപാത്രങ്ങൾ. ഇതൊക്കെ എത്ര സിനിമകളിൽ കണ്ടിട്ടുള്ളതാണ് നിങ്ങളൊക്കെ ഏതു കാലഘട്ടത്തിലാണ് ജീവിക്കുന്നത്, നിങ്ങളൊക്കെ മാറിചിന്തിക്കേണ്ടിയിരിക്കുന്നു. സിനിമയിൽ അഭിനയിക്കുന്നവരുടെ എക്സ്പ്രെഷൻ വളരെ ശോകമാണ്. കപ്പൽ മുങ്ങുമ്പോഴൊക്കെ അഭിനയിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ ഒട്ടും കഴിവില്ലാത്തവരാണ്. കോമഡിക്കുവേണ്ടി നായകനും നായികയും തുപ്പിക്കളിക്കുന്ന രംഗമൊക്കെ തീർത്തും മോശമാണ്.
കപ്പൽ മുങ്ങുമ്പോഴും ഇരുന്നു വയലിൻ വായിക്കുന്നവരെ കാണുമ്പോൾ ‘പുരകത്തുമ്പോൾ വാഴ നടുക’ എന്ന പഴഞ്ചൊല്ലാണ് ഓർമ വരുന്നത്. മിമിക്രിക്കാര്‍ ആരും ഈ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നത് ഒരു പ്ലസ് പോയിന്റാണ്. എവെരി നൈറ്റ് ഇൻ മൈ ഡ്രീംസ് എന്ന പാട്ടു കേട്ടാൽ തിയറ്ററിൽ നിന്ന് ഇറങ്ങി ഓടിപ്പോകും. സിനിമയിലെ വില്ലനും തീർത്തും പരാജയമായിപ്പോയി. നമ്മൾ കണ്ടിട്ടുള്ള വിഡിയോ ഒക്കെ കണ്ടിട്ട് ചെയ്തെങ്കിൽ ഒന്നുകൂടി നന്നായേനെ. ജെയിംസ് കാമറൂൺ എവിടെങ്കിലും പോയി സംവിധാനം പഠിക്കേണ്ടിയിരിക്കുന്നു. മൊത്തത്തിൽ ടൈറ്റാനിക് ഒരു ബോറു സിനിമയാണ്.’’
പ്രദീപിന്റെ വിഡിയോക്ക് പ്രതികരണവുമായി നിരവധിപേരാണ് എത്തുന്നത്. ‘‘അണ്ണന്റെ ജുറാസിക് പാർക്ക് സിനിമയുടെ റിവ്യൂവിനായി കാത്തിരിക്കുന്നു. പ്രത്യേകിച്ച് ദിനോസറുകളുടെ അഭിനയത്തെ കുറിച്ച്.’’ എന്നാണ് ഒരാൾ കമന്റ്റ് ചെയ്തിരിക്കുന്നത്. പ്രദീപിന്റെ ട്രോളിനൊപ്പം വിഡിയോക്ക് താഴെ വരുന്ന കമന്റുകളും ശ്രദ്ധ നേടുകയാണ്. ‘‘അതുപോലെ കപ്പൽ മുങ്ങുമ്പോൾ കപ്പിത്താൻ ശാന്തനായി സ്വയം മരണം വരിക്കുന്നു. അഭിനയം വെറും മോശം കപ്പൽ തകരുമ്പോൾ പേടിച്ച് അലറി വിളിച്ച് കപ്പലിൽ കുടി രണ്ട് മൂന്ന് വട്ടം ഓടാമായിരുന്നു പേടിച്ച മുഖഭാവങ്ങളുടെ ക്ലോസപ്പ് ഷോട്ട് ഇല്ല എന്തൊരു സംവിധാനം. മഞ്ഞുമലയിൽ മുട്ടി തകരുന്നതിന് മുൻപ് ആദ്യം മഞ്ഞുമലയിൽ തട്ടി ഒരിക്കലും തകരാത്ത കപ്പൽ എന്ന അഹങ്കാര കപ്പൽ എന്ന് കാണിക്കാൻ കപ്പൽ റിവേഴ്സ് എടുത്ത് മഞ്ഞുമലയിൽ രണ്ടു് മൂന്ന് തവണ ഇടിപ്പിക്കണമായിരുന്നു. ആ രംഗം കാണുമ്പോൾ കാഴ്ചക്കാർ എഴുന്നേറ്റ് നിന്ന് കൈയടിക്കുമായിരുന്നു. എല്ലാം കൊണ്ടും പാളിപ്പോയ സംവിധാനം. എന്ത് ചെയ്യാം കണ്ടു പോയി കാശും പോയി.’’ എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്.
മിമിക്രി രംഗത്തുനിന്നാണ് സിനിമയിലെത്തിയ കലാകാരനാണ് പ്രദീപ് ബാലൻ. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പ്രോഗ്രാമാണ് പ്രദീപിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് സപ്തമ.ശ്രീ.തസ്ക്കരാ, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്, പ്രണയാമൃതം എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
English Summary:
Pradeep Balan Roasts Film-Reviewing Vloggers in Viral ‘Titanic’ Spoof
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 365f6nfhdeaa04d1krdllkfnsm
Source link