ആറ്റിങ്ങൽ: കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ച് അടുക്കള സാധനങ്ങൾക്ക് വൻ വിലക്കയറ്റം. പച്ചക്കറി, മീൻ,മുട്ട കോഴിയിറച്ചി, പലവ്യഞ്ജനം അങ്ങനെ എല്ലാത്തിനേയും വിലക്കയറ്റം ബാധിച്ചുകഴിഞ്ഞു. തീൻമേശയിലെ സ്ഥിരം സാന്നിദ്ധ്യമായ മീൻ നിലവിൽ കിട്ടാനില്ല. കിട്ടിയാലും അവയ്ക്ക് തീവിലയും. കഴിഞ്ഞദിവസം ആറ്റിങ്ങലിൽ പലയിടത്തും 8 മത്തിക്ക് 100 രൂപയായിരുന്നു വില. ചിലയിടത്ത് അതും കിട്ടാനില്ല. കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയും കടൽക്ഷോഭവും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിലിറങ്ങാൻ കഴിയുന്നില്ല. പിന്നെയുള്ളത് രാജ്യത്തിന് പുറത്തുനിന്നും കണ്ടെയ്നറുകളിൽ എത്തുന്ന മീനുകളാണ്. എന്നാൽ ഇത്തവണ ഇവയുടെ വരവും കുറവാണ്. രാസവസ്തുക്കൾ കലർന്ന ഇവ കഴിച്ചാൽ രുചിയുമില്ല മണവുമില്ല.
മീൻ, പച്ചക്കറി, ഇറച്ചി, മുട്ട എന്നിവയ്ക്ക് വിലകൂടിയതോടെ തീൻമേശയിൽ നിന്നും വെജ്ജും നോൺവെജ്ജും ഒഴിവാക്കേണ്ട അവസ്ഥ.
ചൂടേറി പച്ചക്കറി
കടുത്ത വേനൽ കാരണം പലയിടത്തേയും പച്ചക്കറി കൃഷി പൂർണമായും കരിഞ്ഞുണങ്ങിയിരുന്നു. വേനലിനെ അതിജീവിച്ച പച്ചക്കറികളാകട്ടെ പിന്നീട് വന്ന വെള്ളക്കെട്ടിൽ മുങ്ങിപ്പോയി. ഇതോടെ തീൻമേശയിലെത്തുന്ന പച്ചക്കറിയുടെ വിലയും വർദ്ധിച്ചു.
തൊട്ടാൽ പൊള്ളും ഇറച്ചിവില
കഴിഞ്ഞ മാസത്തെ കടുത്തചൂടിൽ പല ഹാച്ചറികളിലേയും ഇറച്ചിക്കൊഴിക്കുഞ്ഞങ്ങൾ കൂട്ടത്തോടെ ചത്തു. ഇത് കോഴി ഇറച്ചിയുടെയും മുട്ടയുടെയും ഉത്പാദനത്തെ കാര്യമായി ബാധിച്ചു.
ഫാമുകൾ ഏറെയും കേരളത്തിന് പുറത്തായതിനാലാണ് തമിഴ്നാട് ലോബികൾ കോഴിയ്ക്കും മുട്ടയ്ക്കും വൻ വില വർദ്ധിപ്പിച്ചത്. കേരളത്തിൽ മിക്കവരും ചെറുകിട കോഴി ഫാമുകളാണ് നടത്തുന്നത്. ഇവിടുത്തെ ഉത്പാദനം കൊണ്ട് തമിഴ്നാട് ഫാമുകളിലെ കോഴിവില തടയാനും കഴിയില്ല.
Source link