വിദ്യാവാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം, പരമാവധി വേഗത 50 കിലോമീറ്റർ; സ്കൂൾ വാഹനങ്ങൾക്ക് നിർദ്ദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം : സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോർ വാഹനവകുപ്പ്. സ്കൂൾ വാഹങ്ങളുടെ വേഗത സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നതായി നിർദ്ദേശത്തിൽ പറയുന്നു.
സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം. ജി.പി.എസ് സംവിധാനം സ്കൂൾ വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതും “Suraksha Mithra” സോഫ്റ്റ്‌വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. സ്കൂൾ മാനേജ്മെൻ്റിനും വിദ്യാർഥികൾക്കും സ്കൂൾ വാഹനങ്ങളെ തൽസമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാഹൻ’ എന്ന മൊബൈൽ ആപ് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്ക് രക്ഷാകർത്താക്കൾക്കുള്ള അനുമതി സ്കൂൾ അധികൃതർ നൽകേണ്ടതാണെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
എം.വി.ഡിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്. [MV ആക്ട് 1988-S 2 (11)].
2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.
3. സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ”ON SCHOOL DUTY” എന്ന ബോർഡ് പ്രദർശിപ്പിക്കണം.
4. സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു.
5. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം.
6. സ്കൂൾ വാഹനങ്ങൾ(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാൻറും കൂടാതെ ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം(C1/e117858/TC/2019 dt.06/03/2020). കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിൽ ഡ്രൈവർമാർ യൂണിഫോം ധരിക്കേണ്ടതാണ്.
7. സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്നത് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
7. സ്കൂൾ വാഹനങ്ങളിൽ പരമാവധി 50 കിലോമീറ്ററിൽ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കേണ്ടതാണ്.
8. GPS. സംവിധാനം സ്കൂൾ വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതും ആയത് “Suraksha Mithra” സോഫ്റ്റ്‌വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്
8 ( a ) . സ്കൂൾ മാനേജ്മെൻ്റിനും വിദ്യാർഥികൾക്കും സ്കൂൾ വാഹനങ്ങളെ തൽസമയം നിരീക്ഷിക്കുന്നതിനായി ‘വിദ്യാ വാ ഹ ൻ’ എന്ന മൊബൈൽ ആപ് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതിലേക്ക് രക്ഷാകർത്താക്കൾക്കുള്ള അനുമതി സ്കൂൾ അധികൃതർ നൽകേണ്ടതാണ്.
9. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.
10. നേരത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപായി തന്നെ മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യാന്ത്രിക പരിശോധന സ്കൂൾ തലത്തിലും മോട്ടോർ വാഹന വകുപ്പ് നടത്തുന്ന EIB പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന പൂർത്തിയാക്കേണ്ടതാണ്.
11. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ (ആയമാർ ) എല്ലാ സ്കൂൾ ബസ്സിലും ഉണ്ടായിരിക്കണം.
12. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ . എന്നാൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ ആണെങ്കിൽ ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാവുന്നതാണ് (KMVR 221). യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കരുത്.
13. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് , ക്ലാസ് , അഡ്രസ്സ് ബോർഡിംഗ് പോയിൻറ് , രക്ഷിതാറിന്റെ പേര് അഡ്രസ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.
14. വാഹനത്തിന്റെ പുറകിൽ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്.
15. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാർഗ്ഗങ്ങൾ സംബധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും ആയത് മോട്ടോർ വാഹന വകുപ്പ് /പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.
16. ഡോറുകൾ ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും ഉണ്ടായിരിക്കേണ്ടതാണ്. സ്കൂൾ വാഹനത്തിന് ഗോൾഡൻ മഞ്ഞ കളറും ജനലിന് താഴെ 150 mm വീതിയിൽ ബ്രൗൺ ബോർഡറും പെയിന്റ് ചെയ്യണം.
17. പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കേണ്ടതും ആയത് സ്കൂൾ അധികാരികൾ കാലാകാലങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
18. സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം.
19. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളിൽ എളുപ്പത്തിൽ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിച്ചിരിക്കുകയും ആയതിന്റെ പ്രവർത്തനക്ഷമത കാലാകാലങ്ങളിൽ സ്കൂൾ അധികാരികൾ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം.
20. വാഹനത്തിൻറെ ജനലുകളിൽ താഴെ ഭാഗത്ത് നീളത്തിൽ കമ്പികൾ (Side barrier) ഘടിപ്പിച്ചിരിക്കണം.
21. കുട്ടികളുടെ ബാഗുകൾ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ വാഹനത്തിൽ ഉണ്ടായിരിക്കണം.
22. കൂളിംഗ് ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കേണ്ടതാണ്.
23. സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള Emergency exit സംവിധാനം ഉണ്ടായിരിക്കേണ്ടതും “EMERGENCY EXIT” എന്ന് വെള്ള പ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കും ചെയ്യണം.
24.ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതും അയാൾ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങൾ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ വാഹനത്തിലെ ജീവനക്കാർക്കും ആവശ്യമെങ്കിൽ മാനേജ്മെൻറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
25. സ്കൂളിൻറെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം
26. വാഹനത്തിൻറെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്കൂൾ പ്രിൻസിപ്പാൾ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കേണ്ടതാണ്.
27. വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷൻ, ഇൻഷുറൻസ് ,ഫിറ്റ്നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തേണ്ടതാണ്.
28. സ്കൂൾ അധികാരികളോ പാരന്റ് /ടീച്ചേഴ്സ് പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിൻറെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്
29. കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്ത് എ ഡോർ അടച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം മുൻപോട്ടു എടുക്കാവൂ.
30. കുട്ടികളുടെ ഡ്രൈവിംഗ് സ്വഭാവ രീതികൾ രൂപീകരിക്കുന്നതിൽ സ്കൂൾ വാഹനത്തിലെ ഡ്രൈവർമാരുടെ പങ്കു വളരെ വലുതാണ് ആയതിനാൽ തന്നെ മാതൃകാപരമായി തന്നെ വാഹനങ്ങൾ ഓടിക്കുന്നു എന്ന് ഡ്രൈവർ ഉറപ്പുവരുത്തേകും മാതൃക ആകേണ്ടതുമാണ് . വെറ്റിലമുറുക്ക് ലഹരിവസ്തുക്കൾ ചവയ്ക്കൽ മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കരുത്.
31. ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നൽകുന്നതിനും റോഡ് വാഹനത്തിന്റെ പുറകിൽ കൂടി മുറിച്ച് കടക്കുന്നതിനും ഡോർ അറ്റൻഡർ സഹായിക്കേണ്ടതാണ്.
32. വാഹനം പുറകോട്ട് എടുക്കുന്നത് ഡോർ അറ്റൻഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം.
33. ക്യാംപസുകളിലും, ചുറ്റും കുട്ടികൾ കൂടിനിൽക്കുന്ന സന്ദർഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കർശനമായി തടയേണ്ടതും മറ്റു വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹനത്തിൽ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയിൽ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സംവിധാനം ഒരുക്കാൻ സ്കൂൾ അതോറിറ്റി നടപടി കൈക്കൊള്ളേണ്ടതാണ് .
34. എല്ലാ വാഹനങ്ങളും വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്
Source link