ശിക്ഷിക്കപ്പെട്ടാലും ട്രംപിനു മത്സരിക്കാം
ന്യൂയോർക്ക്: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റ് (പദവി ഒഴിഞ്ഞതോ, അധികാരത്തിലിരിക്കുന്നതോ) എന്ന കുപ്രസിദ്ധിയാണ് ട്രംപിനുണ്ടായിരിക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന ആരും ഇതുവരെ ക്രിമിനൽകേസിൽ പെട്ടിട്ടില്ല. അതേസമയം, മാൻഹാട്ടൻ കോടതി ട്രംപിനു ജയിൽശിക്ഷ വിധിക്കുമെന്ന് നിയമവിദഗ്ധർ കരുതുന്നില്ല. പിഴയായിരിക്കാം അദ്ദേഹത്തിനു ലഭിക്കുക. കേസിൽ ശിക്ഷിക്കപ്പെട്ടാലും നവംബർ അഞ്ചിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ട്രംപിനു വിലക്കുണ്ടാവില്ല. അപ്പീൽ പോകുമെന്ന് ട്രംപിന്റെ അഭിഭാഷകർ വ്യക്തമാക്കിക്കഴിഞ്ഞു. ശിക്ഷ വൈകാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. വോട്ടെടുപ്പു കഴിഞ്ഞായിരിക്കാം ട്രംപിനു ശിക്ഷ നേരിടേണ്ടിവരിക. അപ്പീൽ കോടതി ശിക്ഷ റദ്ദാക്കാനുള്ള സാധ്യതയുമുണ്ട്. മത്സരിക്കാൻ വിലക്കില്ല ജൂലൈ 11നാണ് ട്രംപിനുള്ള ശിക്ഷ കോടതി വിധിക്കുക. നാലു ദിവസത്തിനു ശേഷം മിൽവാക്കിയിൽ ചേരുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ ട്രംപിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രംപ്- ബൈഡൻ റീമാച്ചാണ് നവംബർ അഞ്ചിനു നടക്കുക. കേസിൽ ശിക്ഷിക്കപ്പെട്ടാലും ട്രംപിനു മത്സരിക്കാൻ തടസമില്ലെന്ന് ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ നിയമവിഭാഗം പ്രഫസറായ റിച്ചാർഡ് എൽ. ഹാസൻ ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സ രിക്കാൻ പാടില്ലെന്ന് ഭരണഘടനയിൽ പറയുന്നില്ല. മത്സരാർഥികൾക്കു വളരെക്കുറച്ചു യോഗ്യതകളേ ഭരണഘടന ആവശ്യപ്പെടുന്നുള്ളൂ- 35 വയസ് തികഞ്ഞിരിക്കണം, ജന്മംകൊണ്ട് അമേരിക്കൻ പൗരനായിരിക്കണം, 14 വർഷം അമേരിക്കയിൽ താമസിച്ചിരിക്കണം മുതലായവ മാത്രം. സ്വയം മാപ്പുകൊടുക്കുമോ? ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ ജയിച്ചു വീണ്ടും പ്രസിഡന്റായാൽ സ്വയം മാപ്പു പ്രഖ്യാപിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഫെഡറൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കു മാപ്പു നല്കാനേ പ്രസിഡന്റിന് അധികാരമുള്ളൂ. ഇപ്പോഴത്തെ കേസ് ന്യൂയോർക്ക് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ പ്രസിഡന്റിന്റെ പരിധിയിൽ വരില്ല. രഹസ്യരേഖകൾ ദുരുപയോഗം ചെയ്തതിലും 2020ലെ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചതിലും രണ്ടു ഫെഡറൽ ക്രിമിനൽ കേസുകൾ ട്രംപ് നേരിടുന്നുണ്ട്. കേസ് അശ്ലീലനടിയായ സ്റ്റോമി ഡാനിയേൽസുമായി (സ്റ്റെഫാനി ഗ്രിഗറി ക്ലിഫോർഡ്) ട്രംപിന് അവിഹിതബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തോട് ബന്ധപ്പെട്ടാണ് കേസ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിവരം പുറത്തുവരാതിരിക്കാൻ ട്രംപ് സ്റ്റോമിക്ക് 1,30,000 ഡോളർ നല്കി. പണംകൊടുത്തതു മറച്ചുവയ്ക്കാൻ ബിസിനസ് രേഖകളിൽ കള്ളത്തരം കാട്ടിയെന്ന ആരോപണത്തിലാണ് ട്രംപ് ഇപ്പോൾ കുറ്റക്കാരനെന്നു തെളിഞ്ഞിരിക്കുന്നത്. നിയമാവശ്യത്തിനുള്ള ചെലവുകൾ എന്നാണ് കണക്കിൽ പണം ഉൾപ്പെടുത്തിയത്. ട്രംപിന്റെ മുൻ അഭിഭാഷകനായിരുന്ന മൈക്കിൾ കോഹനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ട്രംപിന്റെ നിർദേശപ്രകാരം താനാണ് സ്റ്റോമിക്കു പണം നല്കിയതെന്ന് കോഹൻ പറഞ്ഞു. ന്യൂയോർക്കിലെ മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണിയും പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്കാരനുമായ ആൽവിൻ ബ്രാഗ് ആണ് ട്രംപിനെതിരേ കേസെടുത്തത്. തെരഞ്ഞെടുപ്പിൽ പ്രതികൂലമായേക്കുന്ന വിവരങ്ങൾ വോട്ടർമാരിൽനിന്നു മറച്ചുവച്ചത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണ് എന്നതടക്കമുള്ള ആരോപണങ്ങളാണ് ട്രംപിനെതിരേ ഉന്നയിച്ചത്. ആറാഴ്ച നീണ്ട വിചാരണയിൽ സ്റ്റോമി ഡാനിയേൽസ് അടക്കം 22 സാക്ഷികൾ മൊഴി നല്കി. ട്രംപുമായുള്ള ബന്ധം മുഴുവൻ സ്റ്റോമി കോടതിയിൽ തുറന്നുപറഞ്ഞു. സ്റ്റോമിയുമായി ഒരു ബന്ധവുമില്ലെന്നാണ് ട്രംപ് ആവർത്തിച്ചത്.
Source link