ലണ്ടന്‍: ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30ന് (ഇന്ന് അര്‍ധരാത്രി) കിരീട പോരാട്ടം. യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ രാജാവിനെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ജര്‍മനിയില്‍നിന്നുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടും. യൂറോപ്യന്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടുന്നത് ഇത് 15-ാം തവണയാണ്. യൂറോപ്യന്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് ഏറ്റവും കൂടുതല്‍ തവണ നേരിട്ടതില്‍ മൂന്നാം സ്ഥാനത്താണ് ഡോര്‍ട്ട്മുണ്ട്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് (22), ഇറ്റാലിയന്‍ ടീം യുവന്റസ് (16) എന്നിവയെയാണ് റയല്‍ ഏറ്റവും കൂടുതല്‍ തവണ നേരിട്ടത്. റയല്‍ മാഡ്രിഡിനെ ഇതുവരെ 14 തവണ നേരിട്ടതില്‍ മൂന്ന് പ്രാവശ്യം മാത്രമാണ് ബൊറൂസിയയ്ക്ക് ജയം നേടാന്‍ സാധിച്ചത്. അഞ്ച് തവണ സമനിലയും ആറ് തവണ ജയവും റയല്‍ സ്വന്തമാക്കി. റയല്‍ മാഡ്രിഡിന്റെ 18-ാം യൂറോപ്യന്‍ ഫൈനലാണ്. ഇതില്‍ 14 തവണയും റയല്‍ കപ്പ് സ്വന്തമാക്കുകയും ചെയ്തു. ഇത്തവണകൂടി കപ്പുയര്‍ത്തിയാല്‍ യുവേഫ/യൂറോപ്യന്‍ കിരീടത്തില്‍ രണ്ടാം സ്ഥാനത്തുള്ള എസി മിലാനേക്കാള്‍ (7) ഇരട്ടിയിലധികം എന്ന നേട്ടത്തില്‍ റയല്‍ മാഡ്രിഡ് എത്തും. മറുവശത്ത് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ മൂന്നാമത് ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ്. 1996-97 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഡോര്‍ട്ട്മുണ്ട് സ്വന്തമാക്കി. 2012-13ല്‍ ഫൈനലില്‍ പരാജയപ്പെട്ടു. ടോണി ക്രൂസ് മടങ്ങും ക്ലബ് ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ജര്‍മന്‍ മധ്യനിര താരം ടോണി ക്രൂസിന്റെ വിടവാങ്ങല്‍ മത്സരമാണിത്. 2023-24 സീസണോടെ ക്ലബ് ഫുട്ബോള്‍ അവസനിപ്പിക്കുന്ന ടോണി ക്രൂസിന് റയല്‍ മാഡ്രിഡ് ആരാധകര്‍ കഴിഞ്ഞ ദിവസം വന്‍ യാത്രയയപ്പ് നല്‍കിയിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തോടെ ക്ലബ് ഫുട്ബോളില്‍നിന്ന് വിരമിക്കാന്‍ ടോണി ക്രൂസിനു സാധിക്കുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ക്ലബ് കരിയറിൽ 753 മത്സരങ്ങളിൽനിന്ന് 73 ഗോളും 165 അസിസ്റ്റും ടോണിക്കുണ്ട്. യുവേഫ യൂറോ കപ്പിൽ ജർമനിക്കു വേണ്ടി കളിച്ച് ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ടോണി ക്രൂസ്.
Source link