കൊച്ചി: കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ വ്യതിയാനം പച്ചക്കറി വിലയിലുണ്ടാക്കിയത് വൻ കുതിപ്പ്. അടുക്കള ബജറ്റിന്റെ താളം തെറ്റും. പച്ചമുളകിന് വിലയിലും എരിവായി. 150-160 നിരക്കിലാണ് ചില്ലറ വില്പന. ഒരാഴ്ച മുമ്പ് 60 രൂപയ്ക്ക് വിറ്റിരുന്നതാണ്. ഇഞ്ചിവിലയും 160 ലെത്തി. തക്കാളി വിലയും റോക്കറ്റിലേറിയിട്ടുണ്ട്. 50 രൂപയ്ക്ക് വിറ്റിരുന്നത് ഇന്നലെ ചില്ലറ വില 80ലെത്തി. നേരത്തെ 150 ലെത്തിയത് ഇടിഞ്ഞ് 50ലേക്ക് എത്തിയിരുന്നു.
മഴ കനത്തതോടെ തക്കാളി പെട്ടെന്ന് ചീഞ്ഞു പോകുന്നതിനാൽ വില വീണ്ടും ഉയരുമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. 200 ലെത്തിയ ബീൻസ് താഴേയ്ക്ക് പോന്നിട്ടില്ല. കിലോ 50 ൽ താഴെ നില്ക്കുന്നത് ഉരുളക്കിഴങ്ങും സവാളയും വഴുതനയും കുമ്പളവും മത്തനുമാണ്. മറ്റെല്ലാ പച്ചക്കറിയും ഒരാഴ്ച മുമ്പുണ്ടായിരുന്ന വിലയേക്കാൾ 40 മുതൽ 80 രൂപ വരെ ഉയരത്തിലാണ്. കഴിഞ്ഞയാഴ്ച വരെയുണ്ടായ കൊടും ചൂടിൽ പച്ചക്കറി വിളവ് കുറഞ്ഞതും പെട്ടെന്നുണ്ടായ മഴയിൽ വെള്ളം കയറി കൃഷി നശിച്ചതും പ്രാദേശികമായി വരേണ്ട പച്ചക്കറിയുടെ വരവ് കാര്യമായി കുറച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ മറുനാടനെ ആശ്രയിക്കാതെ നിവൃത്തിയില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ലേലം ചെയ്തെടുക്കുന്ന പച്ചക്കറി മൊട്ട കച്ചവടക്കാർ മാർക്കറ്റുകളിലെത്തിച്ച് ചെറുകിടക്കാർക്ക് നൽകുകയാണ്. മഴ കനത്തതോടെ നാട്ടിലെത്തുന്ന പച്ചക്കറി പെട്ടെന്ന് ചീഞ്ഞു പോകുന്നുണ്ട്. ഇത് വില ഇനിയും കൂടാനിടയുണ്ട്.
Source link