ഭക്ഷണം നൽകിയില്ല, ക്രൂരമർദനം; കുവൈത്തിൽ ജോലിക്ക് പോയ വീട്ടമ്മ തൂങ്ങിമരിച്ചെന്ന് വിവരം, പരാതിയുമായി കുടുംബം
വയനാട്: കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത വിജയൻ (50) ആണ് ജോലി ചെയ്‌തിരുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, ജോലി ചെയ്‌തിരുന്ന വീടിന്റെ ഉടമയായ സ്ത്രീയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.
കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടും എന്നെല്ലാം മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു. വിഷമിപ്പിക്കേണ്ടെന്ന് കരുതി ഇക്കാര്യങ്ങൾ വീട്ടിൽ അറിയിച്ചിരുന്നില്ല. ഈ മാസം 19നാണ് അജിത മരിച്ചുവെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറായി വിദേശത്തേക്ക് പോയ അജിത ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. അജിതയുടെ സാധനങ്ങൾ ഇനിയും തിരികെ കിട്ടിയില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം വ്യക്തമാക്കി. ഒരു നേരം മാത്രമാണ് അജിതക്ക് ഭക്ഷണം നൽകിയിരുന്നതെന്ന് വിവരം ലഭിച്ചതായി മകൾ മിഥുഷ പറഞ്ഞു.
ആറ് മാസം മുമ്പാണ് വീട്ടിലെ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ അജിത എറണാകുളത്തെ ഏജൻസി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്ക് പോയത്. ഏപ്രിലിൽ സ്‌പോൺസറുമായി ചില പ്രശ്‌നങ്ങളും തർക്കങ്ങളും ഉണ്ടായതായി ഏജൻസിയിൽ നിന്ന് അറിയിച്ചിരുന്നു. പിന്നീട് ജോലിക്കു നിന്നിരുന്ന വീട്ടിലെ സ്ത്രീയുടെ മകളുടെ വീട്ടിലേക്ക് അജിതയെ മാറ്റി. രണ്ടാമത്തെ വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ വച്ചാണ് അജിതയ്ക്ക് പീഡനം ഏൽക്കേണ്ടി വന്നത്.
Source link