KERALAMLATEST NEWS

സിദ്ധാർത്ഥിന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പ്രതിച്ചേർക്കപ്പെട്ട 19 പേർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ധാർത്ഥിന്റെ മരണത്തിൽ സാക്ഷി മൊഴികൾ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് സിബിഐ വാദിച്ചെങ്കിലും കോടതി ഇത് തള്ളി.

കേസ് അവസാനിക്കുന്നത് വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും പാസ്‌പോർട്ടുകൾ ഉടൻ തന്നെ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിദ്യാർത്ഥികളാണെന്നും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും പ്രതികൾ ‌ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. സിദ്ധാർത്ഥ് ക്രൂരമായ റാഗിംഗിനും കൊടിയമർദനത്തിനും ഇരയായെന്ന് സി ബി ഐയുടെ അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 15ന് വീട്ടിലേയ്ക്ക് പോകുന്നതിനായി സിദ്ധാർത്ഥ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. അന്ന് രാത്രിയോടെ രണ്ട് വിദ്യാർത്ഥികൾ സിദ്ധാർത്ഥിനെ തിരികെ വിളിച്ചു. 16ന് രാവിലെ എട്ടുമണിക്ക് ഹോസ്റ്റലിൽ തിരിച്ചെത്തി. അന്നുരാത്രിയാണ് മർദനം ആരംഭിച്ചത്.

ആദ്യം കോളേജിന് സമീപത്തെ മലമുകളിൽവച്ചും പിന്നീട് വാട്ടർ ടാങ്കിന് സമീപത്തുവച്ചും പ്രതികൾ ക്രൂരമായി സിദ്ധാർത്ഥിനെ മർദിച്ചു. തുടർന്ന് ഹോസ്റ്റലിലെ 21ാം നമ്പർ മുറിയിലെത്തിച്ചു. അവിടെവച്ചും സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ചു.വയറിലും മുതുകിലും പലതവണ ചവിട്ടി. സിദ്ധാർത്ഥിനെ അടിവസ്ത്രം മാത്രം ധരിക്കാനെ അനുവദിച്ചുള്ളൂ. അടിവസ്ത്രത്തിൽ ഹോസ്റ്റൽ ഇടനാഴിയിൽ നടത്തി. നിലവിളി കേട്ടതായി പല വിദ്യാർത്ഥികളും മൊഴി നൽകിയിട്ടുണ്ട്.

സിദ്ധാർത്ഥിനെകൊണ്ട് തറ തുടപ്പിച്ചു. പ്രതികൾ ഓരോ മുറിയിലും തട്ടിവിളിച്ച് ഉറങ്ങിയവരെ വിളിച്ചുണർത്തി. എല്ലാവരെയും പുറത്തേയ്ക്ക് വിളിച്ചു. സിദ്ധാർത്ഥിനെ ഹോസ്റ്റലിന്റെ പുറത്ത് നടുമുറ്റത്ത് എത്തിച്ചു. അടിവസ്ത്രത്തിൽ നിർത്തി പരസ്യവിചാരണ തുടങ്ങി. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറയിപ്പിക്കുകയും ക്ഷമാപണം നടത്തിക്കുകയും ചെയ്തു. ശേഷം നടുമുറ്റത്തുവച്ച് മർദനം തുടങ്ങി. ബെൽറ്റും ഗ്ളൂ ഗണ്ണും ചാർജറിന്റെ കേബിളും ഉപയോഗിച്ച് മർദിച്ചു.

പലതവണ സാങ്കൽപ്പിക കസേരയിലിരുത്തി. ഇരിക്കാനാവാതെ സിദ്ധാർത്ഥ് നിലത്തുവീണു. പിന്നീട് ഒന്നാം നിലയിലെ ഡോർമെട്രിയിൽ എത്തിച്ച് അവിടെവച്ചും മർദിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. അടുത്തദിവസം രാവിലെ സിദ്ധാർത്ഥ് കട്ടിലിൽ കരഞ്ഞുകൊണ്ട് കിടക്കുന്നതുകണ്ടെന്ന് സാക്ഷിമൊഴിയുണ്ട്. ക‌ഞ്ഞിവെള്ളം കുടിക്കാൻ നോക്കിയെങ്കിലും വേദനകൊണ്ട് സാധിച്ചില്ല. തൊണ്ടയിൽ മുറിവ് ഉണ്ടായിരുന്നു. എന്നിട്ടും ഡോക്‌ടറെ കാണിക്കാൻ ആരും തയ്യാറായില്ല. 18ന് നേരം വെളുത്തതിനുശേഷം ആരും സിദ്ധാർത്ഥിനെ കണ്ടിട്ടില്ല. ഒരു വിദ്യാർത്ഥി ശുചിമുറി തള്ളിത്തുറന്നപ്പോൾ സിദ്ധാർത്ഥ് തൂങ്ങി നിൽക്കുന്നതായാണ് കണ്ടത്.


Source link

Related Articles

Back to top button