KERALAMLATEST NEWS

ഇവിടെ മൃഗബലി പൂജയില്ല, വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്: ഡികെ ശിവകുമാറിനെ തള്ളി തളിപ്പറമ്പ്  രാജരാജേശ്വര   ക്ഷേത്രം

കണ്ണൂർ: കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ആരോപണത്തെ തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും മൃഗബലി പൂജയുള്ള ക്ഷേത്രമല്ല രാജരാജേശ്വര ക്ഷേത്രമെന്നും ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. നേരത്തേ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോപണത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നുമാണ് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചത്. കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സർക്കാരിനെ അട്ട‌ിമറിക്കാൻ ശത്രുസംഹാര യാഗം നടത്തിയെന്ന് ഡികെ ശിവകുമാർ ആരോപിച്ചത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് എരുമകൾ, അഞ്ച് പന്നികൾ എന്നിവയെ യാഗത്തിന്റെ ഭാഗമായി ബലി നൽകിയെന്നാണ് അദ്ദേഹം പറഞ്ഞത്. ആരാണ് ഇത് ചെയ്തതെന്ന് തനിക്ക് നന്നായി അറിയാമെന്നും താൻ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ ഇതൊന്നും ഏൽക്കില്ലെന്നും ശിവകുമാർ വാർത്താ ലേഖകരോട് പറയുകയും ചെയ്തു. ബിജെപിയിൽ നിന്നോ ജെഡിഎസിൽ നിന്നോ ഉള്ള നേതാക്കളാണോ യാഗത്തിന് പിന്നിലെന്ന ചോദ്യത്തിന് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയക്കാരാണ് ഉത്തരവാദികളെന്നായിരുന്നു മറുപടി. “ആരാണ് ഈ യാഗം നടത്തുന്നതെന്ന് എനിക്കറിയാം. അവർ അവരുടെ ശ്രമങ്ങൾ തുടരട്ടെ; ഞാൻ വിഷമിക്കുന്നില്ല. അത് അവരുടെ വിശ്വാസ വ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കുന്നു. ഉപദ്രവമുണ്ടാക്കാനുള്ള അവരുടെ ശ്രമങ്ങളും പരീക്ഷണങ്ങളും ഉണ്ടെങ്കിലും, ഞാൻ വിശ്വസിക്കുന്ന ശക്തി എന്നെ സംരക്ഷിക്കും,” അദ്ദേഹം പറഞ്ഞു.യാഗം നടത്തിവരുടെ പേരുപറയാൻ നിർബന്ധിക്കുന്നതിന് പകരം അവരുടെ പേരുകൾ അന്വേഷിച്ച് കണ്ടുപിടിച്ച് പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ ഉപദേശിക്കുകയും ചെയ്തു. രാജരാജേശ്വര ക്ഷേത്രം കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. പരബ്രഹ്മസ്വരൂപിയായ പരമശിവന്റെ പല പേരുകളിൽ ഒന്നായ “രാജരാജേശ്വരന്റെ” പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ദേവപ്രശ്നം വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു.


Source link

Related Articles

Back to top button