ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തയ്യാറെന്ന് ഹമാസ്
ഗാസ: ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ്. ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും ഹമാസ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഈജിപ്തും ഖത്തറും തമ്മിൽ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഹമാസ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ യുദ്ധം നിര്‍ത്തിയാല്‍ ബന്ദികളേയും തടവുകാരേയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി.ഏഴു മാസമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ലോകരാജ്യങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമായി തുടരുകയാണ്. എന്നാല്‍ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നതുമൂലം സമാധാന ചര്‍ച്ചകള്‍ എവിടെയും എത്താതെ പോകുകയാണ്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം ലംഘിച്ച് ഇസ്രയേല്‍, ഗാസയിലെ നഗരമായ റാഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ പുതിയ വെളിപ്പെടുത്തല്‍.
Source link