തൊഴിലുറപ്പ് തുലയ്ക്കാനും പഞ്ചായത്ത് സെക്രട്ടറിമാർ, യൂസർ ഫീ രേഖ നൽകാത്തവർക്ക് തൊഴിലുറപ്പില്ലെന്ന്

തിരുവനന്തപുരം : പട്ടിണിക്കഞ്ഞിയിൽ കൈയിട്ടുവാരുകയാണ് ചില പഞ്ചായത്ത് അധികൃതർ.

പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ ആശ്രയിക്കുന്ന പാവങ്ങൾക്ക് ജോലി നിഷേധിക്കുന്നു. തൊഴിൽ വേണമെങ്കിൽ വീടുകളിലെ അജൈവ മാലിന്യം നീക്കംചെയ്യുന്നതിന്റെ രേഖയായ ‘യൂസർ ഫീ രേഖ’ ഹാജരാക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാരുടെ നിലപാട്. ഇതിനെതിരെ വിവിധയിടങ്ങളിൽ പരാതി ഉയർന്നെങ്കിലും നടപടിയില്ല. ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകുന്ന രേഖകൾ സമർപ്പിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സേവനം നിഷേധിക്കാൻ സെക്രട്ടറിമാർക്ക് സർക്കാർ നൽകിയ അധികാരമാണ് അത്താഴപ്പട്ടിണിക്കാരുടെമേൽ ചാർത്തുന്നത്.

തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴിലിന് അപേക്ഷിക്കാൻ തൊഴിൽകാർഡ് നമ്പർ മാത്രമാണ് കേന്ദ്ര മാനദണ്ഡം. സംസ്ഥാനത്ത് അതിദരിദ്രരെ നിർണയിക്കുന്നതിൽപോലും തൊഴിലുറപ്പിൽനിന്നു ലഭിക്കുന്ന വേതനത്തെ ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്. ഇത്തരം പരാതികൾ വിവിധ ജില്ലകളിലെ തൊഴിലുറപ്പ് ഓംബുഡ്സ്മാൻമാരുടെ മുന്നിലുണ്ട്.

ചട്ടമറിയാത്തവരുടെ വിക്രിയ

പഞ്ചായത്ത് നിയമങ്ങളും ചട്ടങ്ങളും അറിയാത്തവർ ഗ്രാമ പഞ്ചായത്തിലും തൊഴിലുറപ്പ് നിയമങ്ങളും നടത്തിപ്പ് മാർഗനിർദ്ദേശങ്ങളും അറിയാത്തവർ ബ്ലോക്കുകളിലും എത്തിയതാണ് പാവപ്പെട്ടവരെ വലയ്ക്കുന്നത്. വകുപ്പ് സംയോജനത്തിന്റെ ഫലമായാണ് ഈ സാഹചര്യം പെരുകിയത്.

100ദിന തൊഴിൽ അവകാശം

1. തൊഴിൽകാർഡുള്ള തൊഴിലാളി ആവശ്യപ്പെട്ടാൽ 100ദിവസത്തെ തൊഴിൽ നൽകണം. അത് സേവനമല്ല, അവകാശമാണ്.

2. തൊഴിൽതേടിയെത്തുന്നവർക്ക് ഇക്കാര്യത്തിൽ ധാരണയില്ലാത്തതിനാൽ സെക്രട്ടറിമാർ പറയുന്നതുകേട്ട് മടങ്ങേണ്ടിവരുന്നു.

3. തൊഴിൽ ഉറപ്പാക്കാൻ ബാദ്ധ്യതയുള്ള രജിസ്‌ട്രേഷൻ ഓഫീസർ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ചട്ടവിരുദ്ധമായ പ്രവർത്തനം.

യൂസർ ഫീയുടെ കഥ

അജൈവമാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയാനാണ് യൂസർഫീ കർശനമാക്കിയത്. പഞ്ചായത്തുകളിൽ 50രൂപയും മുൻസിപ്പാലിറ്റികളിൽ 70രൂപയും നഗരസഭകളിൽ 100രൂപയുമാണ് ഫീസ്.ഹരിതകർമ്മ സേനാംഗങ്ങൾ മാസംതോറും വീടുകളിലെത്തി മാലിന്യം ശേഖരിക്കും. തൊഴിലുറപ്പുമായി ഇതിന് ബന്ധമില്ല.

”തൊഴിലുറപ്പിന് തൊഴിൽകാർഡ് മാത്രം മതി.മറ്റൊരു കാരണം പറഞ്ഞും തൊഴിൽ നിഷേധിക്കാനാകില്ല.പരാതികളുണ്ടോയെന്ന് പരിശോധിക്കും.

-നിസാമുദ്ദീൻ.എ

തൊഴിലുറപ്പ് മിഷൻ ഡയറക്ടർ


Source link
Exit mobile version