ഡ്രീം 11; ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എങ്ങനെ ആയിരിക്കും
ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഞായറാഴ്ച തുടക്കം കുറിക്കും. ഇന്ത്യയുടെ ആദ്യമത്സരം ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരേയാണ്. അതിനു മുന്‍പായി ഒരു സന്നാഹമത്സരം ഇന്ത്യ കളിക്കും. നാളെ ബംഗ്ലാദേശിനെതിരേയാണ് സന്നാഹ മത്സരം. ന്യൂയോർക്കിലെ ഈസ്റ്റ് മെഡോയിലുള്ള നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം രാവിലെ 10.30നാണ് ഇന്ത്യ x ബംഗ്ലാദേശ് പോരാട്ടം. അതായത്, ഇന്ത്യൻ സമയം രാത്രി 8.00ന്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കും എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ. കോഹ്ലി ഓപ്പണിംഗ് ഐപിഎൽ 2024ൽ ടോപ് സ്കോറർ വിരാട് കോഹ്ലി ആയിരുന്നു, 15 ഇന്നിംഗ്സിൽ 741 റണ്‍സ്. സമാനരീതിയിൽ കോഹ്ലി ഓപ്പണിംഗിന് ഇറങ്ങിയാൽ യശസ്വി ജയ്സ്വാൾ പുറത്ത് ഇരിക്കേണ്ടിവരും; രോഹിത് ശർമ-കോഹ്ലി കൂട്ടുകെട്ട് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. അതേസമയം, കോഹ്ലിയെ മൂന്നാം നന്പറിൽ പരീക്ഷിക്കാനും യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കാനും ടീം മാനേജ്മെന്റ് ശ്രമിച്ചാൽ അഞ്ചാം നന്പറിനായി സഞ്ജുവും ഋഷഭ് പന്തും തമ്മിൽ മത്സരിക്കേണ്ടിവരും. മധ്യനിരയിലേക്കാണ് വിക്കറ്റ് കീപ്പർമാരെ തെരഞ്ഞെടുത്തതെന്നാണ് ബിസിസിഐ സെലക്ടർ അജിത് അഗാർക്കർ ടീം പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്. സഞ്ജു മൂന്നാം നന്പറിൽ എത്തിയാൽ ഋഷഭ് പന്തിന്റെ അഞ്ചാം നന്പറിന് ഭീഷണിയുണ്ട്. കാരണം, രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാർ പ്ലേയിംഗ് ഇലവനിലെത്തിയാൽ ബൗളിംഗ് ഓപ്ഷൻ കുറയും. ഹാർദിക് & ബൗളിംഗ് വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 11 അംഗ സംഘത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതായത്, ആറാം നന്പറിൽ ഹാർദിക് എത്തും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം പേസ് ഓപ്ഷനായി ഹാർദിക്കിനെയും ഉപയോഗിക്കാം. പിച്ച് പൂർണമായി സ്പിൻ അനുകൂലമല്ലെന്ന റിപ്പോർട്ടുകൾ പരിഗണിച്ചാൽ ശിവം ദുബെയ്ക്കും അവസരം ഒരുങ്ങും. മധ്യനിര ബാറ്റിംഗിന് അതോടെ കരുത്താകും. ദുബെയുടെ മീഡിയം പേസ് ബൗളിംഗും ഉപയോഗിക്കാം. സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരിൽ ഒരാളെയും ഫുൾ സ്പിന്നറായി കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരിൽ ഒരാളെയും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താം. ദുബെയെ പുറത്തിരുത്തിയാൽ ജഡേജയ്ക്കും അക്സർ പട്ടേലിനും ഒന്നിച്ച് പ്ലേയിംഗ് ഇലവനിൽ എത്താനുള്ള അവസരവുമുണ്ട്. ഇന്ത്യയുടെ ഡ്രീം ഇലവൻ: രോഹിത് ശർമ, വിരാട് കോഹ്ലി, സഞ്ജു സാംസണ്, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ/ശിവം ദുബെ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്/യുസ്വേന്ദ്ര ചഹൽ. No 1 ഇന്ത്യ ദുബായ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ലോക ഒന്നാം നന്പർ ടീമായി ഇന്ത്യ തുടരും. ജൂണ്‍ രണ്ട് മുതൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനു മുന്‍പ് ഐസിസി പ്രഖ്യാപിച്ച റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. 264 റേറ്റിംഗ് പോയിന്റാണ് ഇന്ത്യക്ക്. ഓസ്ട്രേലിയയാണ് (257) രണ്ടാം സ്ഥാനത്ത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി വെസ്റ്റ് ഇൻഡീസ് നാലിലെത്തിയതാണ് ശ്രദ്ധേയം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പര തൂത്തുവാരിയതാണ് വിൻഡീസിന്റെ റാങ്കിംഗ് മെച്ചപ്പെടാൻ കാരണം. ദക്ഷിണാഫ്രിക്ക മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് ഏഴിലാണ്. ന്യൂസിലൻഡ്, പാക്കിസ്ഥാൻ ടീമുകളാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ. മൂന്നാം നന്പറിൽ സഞ്ജു മൂന്നാം നന്പറിൽ സഞ്ജുവിനെ ഇറക്കണമെന്ന അഭിപ്രായം ക്രിക്കറ്റ് നിരീക്ഷകർ ഇതിനോടകം മുന്നോട്ടു വച്ചിട്ടുണ്ട്. 2024 ഐപിഎല്ലിലെ മിന്നും ബാറ്റിംഗിലൂടെയാണ് സഞ്ജു ലോകകപ്പ് ടീമിൽ ഇടം നേടിയത്. ഐപിഎല്ലിൽ മൂന്നാം നന്പറിൽ ഏറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവച്ചത് സഞ്ജുവായിരുന്നു. മൂന്നാം നന്പറിൽ സഞ്ജുവിനെ ഉൾപ്പെടുത്താൻ ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും തീരുമാനിച്ചാൽ ഓപ്പണർ യശസ്വി ജയ്സ്വാൾ പുറത്തിരിക്കേണ്ടിവരും. ഇന്ത്യക്കായി 25 ട്വന്റി-20 കളിച്ച സഞ്ജു 22 ഇന്നിംഗ്സിൽ നിന്ന് 374 റണ്‍സ് നേടിയിട്ടുണ്ട്. അതിൽ ഒരു തവണ മാത്രമാണ് മൂന്നാം നന്പറിൽ ഇറങ്ങിയത്. 2021ൽ കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരേ മൂന്നാം നന്പറിൽ ക്രീസിലെത്തിയ സഞ്ജു 20 പന്തിൽ 27 റണ്‍സ് നേടി. മൂന്നാം നന്പറിൽ ഇറങ്ങാൻ സാധ്യതയുള്ള മറ്റൊരു ബാറ്റർ സൂര്യകുമാർ യാദവാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി സൂര്യകുമാർ മൂന്നാം നന്പറിലായിരുന്നു കളിച്ചത്. എന്നാൽ, ഇന്ത്യക്കായി അസാനം കളിച്ച ഏഴ് ഇന്നിംഗ്സിലും സൂര്യകുമാർ നാലാം നന്പറിലായിരുന്നു ഇറങ്ങിയത്. ഈ ഏഴ് ഇന്നിംഗ്സിനിടെ രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും സൂര്യകുമാർ നേടുകയും ചെയ്തു. അതായത്, മൂന്നാം നന്പറിൽ സഞ്ജുവിനെ ഇറക്കിയാൽ നാലാം നന്പറായി സൂര്യകുമാറിനെ ഉപയോഗിക്കാം. ഐപിഎൽ 2024 സീസണിൽ 16 ഇന്നിംഗ്സിൽനിന്ന് 531 റണ്‍സ് സഞ്ജു നേടിയത് മൂന്നാം നന്പറായി എത്തിയാണ്.
Source link