ലക്‌നൗ: ചായക്കപ്പുകളും പ്ളേറ്റുകളും കഴുകിയും ചായ വിളമ്പിയുമാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയും ചായയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. മിർസാപൂരിലെ റാലി അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പരാമർശം.
റാലിക്കിടെ പ്രതിപക്ഷത്തെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ‘സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്ത് തങ്ങളുടെ വോട്ട് പാഴാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. മുങ്ങിത്താണുകൊണ്ടിരിക്കുന്നയാൾക്ക് ആരും വോട്ട് കൊടുക്കില്ല. സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യൂ. ഇന്ത്യാ സഖ്യത്തിന്റെ അംഗങ്ങളെ രാജ്യം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇവർ ആഴത്തിലുള്ള വർഗീയവാദികളാണ്, തീവ്ര ജാതിവാദികളാണ്, തീവ്ര കുടുംബക്കാരാണ്. സർക്കാർ രൂപീകരിക്കുമ്പോഴെല്ലാം ഇവർ ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്’- മോദി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘സ്വച്ഛതാ അഭിയാനുമായി’ ധൈര്യപ്പൂർവ്വം മുന്നോട്ട് പോവുകയാണെന്നും മോദി പറഞ്ഞു. ‘നമ്മുടെ രാജ്യത്തിന്റെ പവിത്രമായ ഭരണഘടനയും അവർ ലക്ഷ്യം വയ്ക്കുന്നു. എസ്‌സി-എസ്‌ടി-ഒബിസി സംവരണം കൊള്ളയടിക്കാൻ അവർ ആഗ്രഹിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ല എന്ന് നമ്മുടെ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. 2012ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ലഭിച്ചതുപോലെ മുസ്ലീങ്ങൾക്കും സംവരണം നൽകുമെന്ന് എസ്പി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. വോട്ട് ബാങ്ക് പ്രീതിപ്പെടുത്താൻ ഇവർ എസ്‌സി-എസ്‌ടി-ഒബിസിയുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്’ -മോദി കുറ്റപ്പെടുത്തി.
Source link