KERALAMLATEST NEWS

കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ മോദി; സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കി

ന്യൂഡൽഹി:സ്വന്തം മണ്ഡലമായ വാരാണസിയിൽ ഉൾപ്പെടെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന മേയ് 30 മുതൽ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ ധ്യാനമിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തിൽ മേയ് 30 വൈകുന്നേരം മുതൽ ജൂൺ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി തങ്ങും. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമാണിതെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. 2019ൽ അദ്ദേഹം കേദാർനാഥിലും 2014ൽ ശിവജിയുടെ പ്രതാപ്‌ഗഢിലും ധ്യാനമിരുന്നിട്ടുണ്ട്.

48 മണിക്കൂർ നീളുന്ന ധ്യാനത്തിന് വിവേകാനന്ദ പാറ തിരഞ്ഞെടുത്തത് സ്വാമി വിവേകാനന്ദൻ ധ്യാനിച്ചയിടം എന്നതിലുപരി തമിഴ്‌നാടിനോടുള്ള സ്‌നേഹം അറിയിക്കാനുംനും ഐക്യത്തിന്റെ സന്ദേശം നൽകാനുമാണ് എന്നാണ് സൂചന. 1892 ഡിസംബർ 25 മുതൽ 27 വരെ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്നതിനാലാണ് വിവേകാനന്ദ പാറ അത്തരത്തിൽ അറിയപ്പെട്ടത്. കന്യാകുമാരി തീരത്ത് എത്തിയ ശേഷം കടൽ നീന്തിക്കടന്നാണ് അദ്ദേഹം പാറയിലെത്തിയത്. 1970ൽ ഇവിടെ സ്‌മാരകം ഉണ്ടായി. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവ സമ്മേളിക്കുന്നയിടത്ത് ഏകദേശം 500 മീറ്റർ മാറിയാണ് വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത്. സമീപം തിരുവള്ളു‌വർ പ്രതിമയുമുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം പാർവ്വതീ ദേവി ഒറ്റക്കാലിൽ പരമശിവനെ തപസ് ചെയ്‌ത സ്ഥലമാണ് ഈ പാറ എന്നും കഥകളുണ്ട്.


Source link

Related Articles

Back to top button