ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിഴക്ക്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം സീറ്റുകൾ നേടുന്നത് ബിജെപിയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരുന്ന ശനിയാഴ്‌ച തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പൂർത്തിയാകാനിരിക്കെയാണ് അമിത് ഷായുടെ പ്രവചനം. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ എന്താണ് പ്രതീക്ഷയെന്ന ചോദ്യത്തിന് ബംഗാളിലടക്കം പാർട്ടിക്കുള്ള പ്രതീക്ഷ അമിത് ഷാ പങ്കുവച്ചു. ബംഗാളിൽ ഞങ്ങൾ കാര്യമായ ലീഡ് നിലനിർത്തും. 42ൽ 24 മുതൽ 30 വരെ സീറ്റുകളിൽ വിജയിച്ചേക്കും. ഒഡീഷയിയിലെ 21 സീറ്റിൽ 17 എണ്ണമാണ് ഞങ്ങളുടെ ലക്ഷ്യം. തെലങ്കാനയിൽ 17ൽ പത്തും എൻഡിഎ വിജയിക്കും. ആന്ധ്രപ്രദേശിൽ ഞങ്ങൾ വലിയൊരു ശതമാനം സീറ്റുകളും ഞങ്ങൾ നേടും.
രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ് മേഖലയിൽ ഇപ്പോൾതന്നെ പ്രബല ശക്തിയായ ബിജെപി, ഇത്തവണ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കിഴക്കും തെക്കും മേഖലകളിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാൻ ശക്തമായി ശ്രമിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷ്യയിലും ആന്ധ്രാപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടെണ്ണൽ നടക്കാൻ പോവുകയാണ്.
ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആന്ധ്രാപ്രദേശിൽ, വൈഎസ്ആർ കോൺഗ്രസിനെ നേരിടാൻ എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായി ബിജെപി സഖ്യത്തിൽ ഏർപ്പെട്ടിരുന്നു.
ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ എന്നിവ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ തങ്ങൾ ഏറ്റവും വലിയ പാർട്ടിയായി ഉയർന്നുവരും. അത് ഉറപ്പാണെന്നും. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ഏറ്റവും വലിയ പാർട്ടിയായി തങ്ങൾ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
57 ലോക്‌സഭാ സീറ്റുകളിലേക്കാണ് ശനിയാഴ്ച അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 26 എണ്ണം ഒഡീഷ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ് എന്നീ കിഴക്കൻ സംസ്ഥാനങ്ങളിലാണ്. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.
Source link